ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനെത്തിയ യുവാവിന് മലപ്പുറത്തെ ട്രെയിനർ നൽകിയത് പന്തയക്കുതിരയ്ക്ക് നൽകുന്ന മരുന്നെന്ന് പരാതി

Wednesday 22 March 2023 8:03 AM IST

മലപ്പുറം: ശരീരസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി സമീപിച്ച ബോഡി ബിൽഡർക്ക് നിരോധിച്ചതുൾപ്പെടെയുള്ള മരുന്നുകൾ ട്രെയിനർ നൽകിയതായി പരാതി. മരുന്നുകൾ കുത്തിവച്ചതിന് പിന്നാലെ പലതരം രോഗങ്ങൾ വന്നതോടെ ഡോക്‌ടറെ കണ്ടപ്പോഴാണ് മരുന്നിന്റെ പാർശ്വഫലങ്ങളാണെന്ന് കണ്ടെത്തുന്നത്. ചങ്ങരംകുളം സ്വദേശി സന്തോഷാണ് ട്രെയിനർക്കെതിരെ തിരൂർ ഡി വൈ എസ് പിയ്ക്ക് പരാതി നൽകിയത്.

പത്ത് വർഷത്തിലേറെയായി സന്തോഷ് ജിമ്മിൽ പോകുന്നുണ്ട്. ഗൾഫിൽ ട്രെയിനറായി ജോലി നോക്കുന്നതിന് വേണ്ടിയാണ് ശരീരസൗന്ദര്യം വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നത്. ഇതിനായി തിരൂരിലെ ഒരു ട്രെയിനറെ സമീപിക്കുകയായിരുന്നു.

ശരീരസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി ട്രെയിനർ പലതരം മരുന്നുകൾ നൽകിയെന്നും ചിലത് ശരീരത്തിൽ കുത്തിവച്ചെന്നും പരാതിയിൽ പറയുന്നു. സ്‌തനാർബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്ന് ഇതിൽ ഉൾപ്പെടുന്നു. ഹൃദയാഘാതം ഉണ്ടായാൽ നെഞ്ചിടിപ്പ് കുറയ്ക്കാനുള്ള മരുന്ന്, നീർവീക്കത്തിനുള്ള മരുന്ന്, പുരുഷ ഹോർമോൺ തെറാപ്പിക്കുള്ള മരുന്ന്, പന്തയക്കുതിരയ്ക്ക് ഉന്മേഷം പകരാൻ നൽകുന്ന ബോൾഡിനോൾ എന്നിവയാണ് ട്രെയിനർ സന്തോഷിന് നൽകിയത്. ബോർഡിനോൾ ഉൾപ്പെടെ പല മരുന്നുകളും നിരോധിക്കപ്പെട്ടതാണ്. അതേസമയം, യുവാവിന് നൽകിയ മറ്റ് പല മരുന്നുകളുടെയും കുപ്പിയിലെയും പെട്ടിയിലെയും പേരുകൾ മായ്ച്ചു കളഞ്ഞ നിലയിലാണ്. സാധാരണ ആരോഗ്യമുള്ള മനുഷ്യർ കഴിക്കാൻ പാടില്ലാത്ത മരുന്നുകളും യുവാവിന് നൽകിയവയിലുണ്ട്.