അഞ്ച് പേരെ കൊന്നത് സയനൈഡ് നൽകി , ഒരാൾക്ക് വിഷം കൊടുത്ത് കൊന്നു; ജോളി സമ്മതിച്ചതായി ഉറ്റ സുഹൃത്തിന്റെ മൊഴി

Wednesday 22 March 2023 10:02 AM IST

കോഴിക്കോട്: കൂടത്തായി കേസിൽ ആറുപേരുടെയും കൊലപാതകം നടത്തിയത് താൻ തന്നെയാണെന്ന് ജോളി സമ്മതിച്ചതായി ഉറ്റ സുഹൃത്ത് ജോൺസൺ കോടതിയിൽ മൊഴി നൽകി. മൃതദേഹങ്ങൾ കല്ലറയിൽ നിന്ന് നീക്കാൻ സഹായം ആവശ്യപ്പെട്ടുവെന്നും കേസ് നടത്തിപ്പിന് പണത്തിനായി ജോളി സ്വർണം നൽകിയെന്നും ജോൺസൺ പറഞ്ഞു.

'കൊലപാതകക്കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 2019 ഒക്ടോബർ രണ്ടിന് ജോളി തന്നെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കല്ലറകൾ പൊളിക്കുമെന്നും അതിന് മുമ്പ് കല്ലറ ഇളക്കി ആറുപേരുടെയും മൃതദേഹ അവശിഷ്ടങ്ങൾ അവിടെ നിന്ന് മാറ്റണമെന്നും അതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടു. എന്തിനാണ് പേടിക്കുന്നതെന്ന് ചോദിച്ചപ്പോൾ മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചാൽ താൻ കുടുങ്ങുമെന്നും, ഒരാളെ വിഷം കൊടുത്തും ബാക്കി അഞ്ചുപേരെ ഭക്ഷണത്തിൽ സയനൈഡ് കലർത്തിയും കൊന്നത് താൻ തന്നെയാണെന്നും ജോളി പറഞ്ഞു. '

'സയനൈഡ് എത്തിച്ച് നൽകിയത് എം എസ് മാത്യുവാണെന്നും ജോളി പറഞ്ഞു. സ്വർണാഭരണങ്ങൾ ഏൽപ്പിച്ച ശേഷം താൻ അറസ്റ്റിലാവുകയാണെങ്കിൽ ഇത് വിറ്റ് കേസ് നടത്തണമെന്നും ജോളി ആവശ്യപ്പെട്ടു. ഈ സ്വർണവും മുമ്പ് പണയം വയ്ക്കാൻ നൽകിയതും ഉൾപ്പെടെ 194 ഗ്രാം സ്വർണം പിന്നീട് പൊലീസിന് കൈമാറി.'- ജോൺസൺ കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.

2015 മുതൽ ജോളിയുമായി അടുപ്പമുള്ള ജോൺസൺ കേസിലെ 21-ാം സാക്ഷിയാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണനാണ് ഹാജരായത്. ഇരുന്നൂറോളം സാക്ഷികളിൽ 158പേരുടെ മൊഴിയാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുന്നത്.