'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ', പോസ്റ്ററുകൾ ഇറക്കിയ നാല് പേർ അറസ്റ്റിൽ, രജിസ്റ്റർ ചെയ്തത് നാൽപ്പത്തിനാല് കേസ്‌

Wednesday 22 March 2023 10:23 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നരേന്ദ്ര മോദിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകളിറക്കിയ നാല് പേർ അറസ്റ്റിൽ. പിടിയിലായവരിൽ രണ്ട് പേർ പ്രിന്റിംഗ് പ്രസ് നടത്തുന്നവരാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നാൽപ്പത്തിനാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്നായിരുന്നു പോസ്റ്ററുകളിലുണ്ടായിരുന്നത്. ഇന്നലെ രാജ്യ തലസ്ഥാനത്ത് വ്യാപകമായി നടത്തിയ തിരച്ചിലിൽ രണ്ടായിരത്തോളം പോസ്റ്ററുകൾ പൊലീസ് പിടിച്ചെടുത്തു. ആം ആദ് മിയുടെ ഓഫീസിലെത്തിക്കാനുള്ള പോസ്റ്ററുകളാണ് പിടിച്ചെടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്.

അമ്പതിനായിരം പോസ്റ്ററുകൾ അച്ചടിക്കാൻ ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് പിടിയിലായ പ്രിന്റിംഗ് പ്രസ് ജീവനക്കാരൻ പറഞ്ഞു. പോസ്റ്ററുകൾ ആം ആദ് മി ആസ്ഥാനത്ത് എത്തിക്കാനായിരുന്നു നിർദേശമെന്നും പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണത്തോട് പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.