'ആമയുടെ പുറത്ത് വച്ച് പൂജിച്ചാൽ പണം ഇരട്ടിയാകും'; കൊച്ചിയിൽ കാമുകിയുടെ 23 പവൻ തട്ടിയെടുത്ത് രാജസ്ഥാനിലേയ്ക്ക് മുങ്ങിയ യുവാവ് പിടിയിൽ

Wednesday 22 March 2023 10:37 AM IST

കൊച്ചി: ആമയുടെ പുറത്ത് പണം വച്ച് പൂജിച്ചാൽ ഇരട്ടിക്കുമെന്ന് പറഞ്ഞ് യുവതിയുടെ 23 പവൻ ആഭരണങ്ങൾ തട്ടിയെടുത്ത കേസിൽ കാമുകനും സുഹൃത്തും പിടിയിൽ. ഇടുക്കി ചുരുളി ആൽപ്പാറമുഴയിൽ വീട്ടിൽ കിച്ചു ബെന്നി (23), രാജസ്ഥാൻ മിലാക്പൂർ സ്വദേശി വിശാൽ മീണ (28) എന്നിവരെയാണ് എറണാകുളം നോർത്ത് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയിൽ നിന്നാണ് ഇവർ സ്വർണം തട്ടിയത്.

രാജസ്ഥാനിലെത്തി ആമയുടെ മുകളിൽ പണം വച്ച് പ്രത്യേക പൂജ ചെയ്താൽ ഇരട്ടിക്കുമെന്ന് കിച്ചു ബെന്നിയുടെ കാമുകിയും സ്വകാര്യ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയുമായ യുവതിയെ വിശാൽ മീണ വിശ്വസിപ്പിച്ചു. വിശാലിന്റെ സഹായത്തോടെ യുവതിയിൽ നിന്ന് സ്വർണം വാങ്ങി രാജസ്ഥാനിലേയ്ക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു കിച്ചു ബെന്നി. സ്വർണം വിറ്റ് കിട്ടുന്ന പണം ഇരട്ടിയാക്കി തിരികെ ഏൽപ്പിക്കാമെന്ന് ഇയാൾ യുവതിയോട് പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു.

പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നോർത്ത് ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ ടി എസ് രതീഷ്, എൻ ആഷിക്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പി വിനീത്, അജിലേഷ്, വിപിൻ എന്നിവർ ചേർന്ന് ഷൊർണൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.