'ആറാട്ട്' വർക്ക് ആയില്ല, വല്ലാതെ ട്രോൾ വരുന്നെന്ന് മമ്മൂക്കയോട് പറഞ്ഞു; മെഗാസ്റ്റാർ നൽകിയ മറുപടിയെക്കുറിച്ച് ബി ഉണ്ണികൃഷ്ണൻ

Wednesday 22 March 2023 12:04 PM IST

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് 'ആറാട്ട്'. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. സിനിമ പ്രതീക്ഷിച്ചതുപോലെ ആരാധകർ സ്വീകരിച്ചില്ല. മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ ട്രോൾ ചെയ്യപ്പെടുകയും ചെയ്തു.


ആറാട്ട് വർക്ക് ആവാത്തതിനെക്കുറിച്ചും, ട്രോൾ ചെയ്യപ്പെടുന്നതിനെക്കുറിച്ചും മെഗാസ്റ്റാർ മമ്മൂട്ടിയോട് പറഞ്ഞപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബി ഉണ്ണികൃഷ്ണൻ ഇപ്പോൾ. 'ക്രിസ്റ്റഫറുമായി' ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു ഇക്കാര്യം പറഞ്ഞത്.

'ക്രിസ്റ്റഫറിന്റെ തിരക്കഥ ഇന്ററസ്റ്റിംഗ് ആണ്, അത് ചെയ്യാമെന്നായിരുന്നു മമ്മൂക്കയുടെ മറുപടി. കൊവിഡ് എത്ര കാലം നീളുമെന്നറിയില്ലായിരുന്നു. മമ്മൂക്ക ഭീഷ്മ പർവ്വം ചിത്രീകരിക്കാൻ പോകുന്ന സമയവും. ആറാട്ട് റിലീസ് ചെയ്തതിന് ശേഷം ഞാൻ അദ്ദേഹത്തെ കണ്ടു. സിനിമ വർക്കായില്ലെന്നും വല്ലാതെ ട്രോൾ ചെയ്യപ്പെടുന്നുണ്ടെന്നും വേണമെങ്കിൽ നമുക്ക് ക്രിസ്റ്റഫർ ഒന്ന് മാറ്റിവയ്ക്കാമെന്നും പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ലെന്നും സിനിമയാകുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.' - ബി ഉണ്ണികൃഷ്ണൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.