നല്ല കറുത്ത വാട്ടർപ്രൂഫ് ഐലിനർ ഇനി വീട്ടിലുണ്ടാക്കാം; അതും വെറും രണ്ട് മിനിട്ടിൽ

Wednesday 22 March 2023 3:18 PM IST

നല്ല കറുത്ത കണ്ണുകൾ എല്ലാവരും ഇഷ്ടപ്പെടുന്നവയാണ്. കണ്ണുകളെ കൂടുതൽ ആകർഷകമാക്കും എന്നതുകൊണ്ടുതന്നെ ഇതിനായി പല തരത്തിലുള്ള ഐലൈനറുകൾ നിങ്ങൾ ഉപയോഗിക്കാറുമുണ്ട്. അതിൽ ഒന്നാണ് ജെൽ ഐലൈനർ. കൂടുതൽ സമയം പടരാതിരിക്കും എന്നതും വാട്ടർപ്രൂഫാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇവ കടകളിൽ നിന്ന് വാങ്ങണമെങ്കിൽ കുറഞ്ഞത് 150 രൂപയെങ്കിലും നൽകണം. ചില ബ്രാൻഡുകൾക്ക് ഇതിനേക്കാളേറെയാണ് വില. എന്നാൽ ഇനി എളുപ്പത്തിൽ തന്നെ ജെൽ ഐലൈനർ നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കാം. അതും വെറും രണ്ട് മിനിട്ടിൽ. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

ആവണക്കെണ്ണ

തിരി

ബീ വാക്സ് /മെഴുകുതിരി

കറ്റാർവാഴ ജെൽ

തയ്യാറാക്കുന്ന വിധം

വിളക്കിൽ നാലോ അഞ്ചോ തിരി ഒന്നിച്ച് വച്ച ശേഷം ആവണക്കെണ്ണ ഒഴിച്ച് കത്തിക്കുക. ഇതിന്റെ കരി പറ്റിപ്പിടിക്കുന്നതിനായി മുകളിൽ ഒരു പാത്രം വയ്ക്കണം. വിളക്കിലെ എണ്ണ മുഴുവൻ കത്തി തീരുമ്പോൾ പാത്രം മാറ്റി അതിൽ നിന്നും ഒരു സ്പൂൺ ഉപയോഗിച്ച് കരി മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റാവുന്നതാണ്. ഇതിലേയ്ക്ക് കുറച്ച് ബീ വാക്സ് എടുക്കണം. ബീ വാക്സ് ഇല്ലെങ്കിൽ മാത്രം മെഴുകുതിരി ഉപയോഗിക്കാവുന്നതാണ്. ഇതിലേയ്ക്ക് കുറച്ച് കറ്റാർവാഴ ജെല്ലും അര സ്പൂൺ ആവണക്കെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം, മറ്റൊരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിലേയ്ക്ക് ഈ പാത്രം ഇറക്കി വച്ച് ഡബിൾ ബോയിൽ ചെയ്തെടുക്കുക. ഇതിനെ ഒരു കുഞ്ഞ് ബോട്ടിലിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല.