സർക്കാർ ആശുപത്രികളിൽ ജീവനക്കാരുടെ കുറവ്: രോഗികൾ വലയുന്നു

Thursday 23 March 2023 12:55 AM IST

മലയിൻകീഴ്: സർക്കാർ ആശുപത്രികളിൽ ജീവനക്കാരുടെ അപര്യാപ്തതയിൽ ചികിത്സ തേടിയെത്തുന്നവർ ബുദ്ധിമുട്ടുന്നു. താത്കാലിക ഡോക്ടറുടെ സേവനത്തിനും മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട ഗതികേടിലാണ്.

വിളപ്പിൽശാല,വിളവൂർക്കൽ,മലയിൻകീഴ്,മാറനല്ലൂർ എന്നീ ആശുപത്രികളിലാണ് വേണ്ടത്ര ജീവനക്കാരില്ലാതെ പ്രവർത്തിക്കുന്നത്. ഇക്കാരണത്താൽ നിത്യേന ചികിത്സതേടിയെത്തുന്നവർ ഏറെ ബുദ്ധിമുട്ട് സഹിച്ചാണ് ഡോക്ടറെ കാണുന്നത്.വിളപ്പിൽശാല ആശുപത്രിയിൽ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മാറനല്ലൂർ,വിളവൂർക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്. നിത്യേത നിരവധി പേരാണ് ഇവിടെ ചികിത്സയ്ക്കായെത്തുന്നത്. നേമം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ.രാവിലെ 8.30 മുതൽ രാത്രി 8വരെ പ്രവർത്തിക്കുന്ന ഈ ആശുപത്രിയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ മൂന്ന് താത്കാലിക ഡോക്ടർമാരുടെ സേവനമുണ്ടെങ്കിലും മാസങ്ങളായി മെഡിക്കൽ ഓഫീസറുടെ ഒഴിവ് ഇതുവരെ നികത്താനായിട്ടില്ല.വിളപ്പിൽ ഗ്രാമപഞ്ചായത്ത് അടുത്തിടെ ഒരു താത്കാലിക ഫാർമസിസ്റ്റിനെ നിയമിച്ചതൊഴികെ മറ്റ് ഒഴിവുകളൊന്നും നികത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. വിളവൂർക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ മന്ദിരമുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതിക്കും പരിഹാരമായിട്ടില്ല.

മരുന്നുമില്ല, ചികിത്സിക്കാൻ ആളുമില്ല

ഗ്രാമപഞ്ചായത്തുകൾക്ക് എല്ലാ സാമ്പത്തികവർഷവും മരുന്നുകൾ ഉൾപ്പെടെ വാങ്ങുന്നതിന് വൻതുക അനുവദിക്കാറുണ്ടെങ്കിലും രോഗികൾക്ക് പലപ്പോഴും ചുരുക്കം ചില മരുന്നകൾ മാത്രമേ ലഭ്യമാകാറുള്ളൂ. ചികിത്സിക്കാനും മരുന്ന് നൽകാനും ശുശ്രൂഷയ്ക്കും ആളില്ലാത്ത അവസ്ഥയാണ് ഗ്രാമപ്രദേശത്തെ സർക്കാർ ആശുപത്രികളിലുള്ളത്.കൊവിഡ് മഹാമാരി നീങ്ങിയതോടെ എൻ.ആർ.എച്ച്.എമ്മിലുള്ള താത്കാലിക ഡോക്ടർമാരുടെ സേവനവുമില്ലാത്ത സ്ഥിതിയാണിപ്പോൾ.

ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് വേണ്ടുന്ന സൗകര്യങ്ങളൊരുക്കാൻ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഫാർമസിസ്റ്റ്,ലാബ് ടെക്നീഷ്യൻ,സ്റ്റാഫ് നഴ്സ്,ഹെഡ്നഴ്സ് എന്നിവ ഒഴിഞ്ഞ് കിടക്കുകയാണ്.

ക്ലീനിംഗ് ജോലികൾ ചെയ്യുന്നതും ട്രസ്റ്റ് ഏർപ്പെടുത്തിയ ജീവനക്കാർ

വിളപ്പിൽശാല ഗവ.ആശുപത്രിയിൽ വർഷങ്ങളായി ക്ലീനിംഗ് ജോലികൾ ചെയ്യുന്നത് വിളപ്പിൽശാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ജീവനക്കാരാണ്. മുറിവ് കെട്ടുന്നതും ഒ.പി ടിക്കറ്റ് എഴുതുന്നതും പ്യൂൺ പണി ചെയ്യുന്നതും ഈ താത്കാലിക ജീവനക്കാരാണ്.

വിളപ്പിൽശാല,വിളവൂർക്കൽ,മാറനല്ലൂർ,മലയിൻകീഴ് എന്നീ ആശുപത്രികളിൽ 400മുതൽ 650വരെ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.ആശുപത്രിയിൽ ജീവനക്കാരില്ലാത്തതിനാൽ കഷ്ടപ്പെടുന്നത് ഇവിടെ ചികിത്സയ്ക്കായെത്തുന്ന രോഗികളാണ്. ജീവനക്കാരെ സ്ഥിരമായി നിയമിക്കാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മലയിൻകീഴ് താലൂക്ക് ആശുപത്രിക്ക് പുതിയ മന്ദിരം നിർമ്മിക്കുന്നതിനാൽ എത്തുന്നവരെല്ലാം വല്ലാതെ ബുദ്ധിമുട്ടുകയാണ്. ചികിത്സയെക്കാൾ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യലാണ് കൂടുതലെന്നും ആക്ഷേപമുണ്ട്.