വിവേകാനന്ദ കോളേജിലെ അദ്ധ്യാപകന്റെ നിയമനം ചട്ടം പാലിച്ചെന്ന് ദേവസ്വം ബോർഡ്

Thursday 23 March 2023 12:56 AM IST

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള വിവേകാനന്ദ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകന്റെ നിയമനത്തിൽ വിശദീകരണവുമായി കൊച്ചിൻ ദേവസ്വം ബോർഡ്. നിയമനം നിയമാനുസൃതമാണെന്ന് ബോർഡ് സെക്രട്ടറി പി.ഡി. ശോഭന പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇംഗ്ലീഷ് വിഭാഗത്തിലേക്ക് നിയമപ്രകാരം തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തിയിട്ടുള്ളത്.

വികലാംഗ സംവരണവുമായി ബന്ധപ്പെട്ട് ആവശ്യമായ വ്യക്തത ആവശ്യപ്പെട്ട് സർക്കാരിലേക്ക് കത്ത് നൽകുകയും രണ്ട് ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകാമെന്നും അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തവുകളും മറ്റും പരിശോധിച്ചാണ് സമീർ മേച്ചേരിക്ക് നിയമനം നൽകിയത്.

റദ്ദായ റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തിയതെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ സമരരംഗത്ത് വരികയും ബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി ബോർഡ് രംഗത്ത് എത്തിയത്.