ബി ജെ പിയുടെ അജണ്ട കേരളത്തിൽ നടപ്പാകില്ല , മതവിഭാഗങ്ങളിലെ ചിലരെ പ്രീണിപ്പിക്കാൻ സംഘപരിവാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ : ബി.ജെ,പിയുടെ അജണ്ട നടപ്പാക്കാനാകുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഒരു വർഗീയതയോടും കേരളത്തിൽ വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂർ പെരളശേരിയിൽ ഇ,എം.എസ്, എ.കെ.ജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മതവിഭാഗങ്ങളിലെ ചിലർ പ്രീണിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുന്നു, മതന്യൂനപക്ഷ വിഭാഗങ്ങളിലെ ചില പ്രധാനികളെ അവർ സമീപിക്കുന്നുണ്ട്. പക്ഷേ വലിയ സ്വീകാര്യത അതിന് കിട്ടുന്നില്ല. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്‌ത്താൻ പറ്റും. ആ ചിലർ പൊതുവായതല്ല, പൊതുവികാരവുമല്ലെന്ന് മുഖ്യമന്ത്രി തലശേരി ബിഷ്പ്പ് പാംപ്ലാനിക്കെതിരായ പരോക്ഷ വിമർശനത്തിൽ വ്യക്തമാക്കി.
കേരളത്തിന്റെ അന്തരീക്ഷം അല്ല മറ്റിടങ്ങളിൽ ക്രൈസ്തവർക്കടക്കം ഉള്ളതെന്നും മുഖ്യന്ത്രി പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കപ്പടണം എന്നാണ് പൊതുവികാരപം. വർഗീയതയുടെ ഏറ്റവും വലിയ രൂപമാണ് ആർ,എസ്.എസ്. അതിന്റെ രാഷ്ട്രീയ രൂപമാണ് ബി,ജെ.പി. അത് ആർക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. മതനിരപേക്ഷ ചിന്താഗതിക്കാർ ഇവരെ മാറ്റിനിറുത്തുകയാണ്. ഏതെങ്കിലും അവസരവാദികളായ ആളുകളെ സുഖിപ്പിക്കുന്ന വർത്തമാനത്തിന് കിട്ടുമെന്ന് കരുതി അത് പൊതുവികാരമെന്ന് കരുതണ്ട, കേരളത്തിൽ ഒരു സീറ്റ്കിട്ടാൻ വേണ്ടി ജനസംഘമായ കാലം മുതൽ കളി തുടങ്ങിയതാണ്. ഒരു ബി.ജെ.പി നേതാവ് നിയമസഭയിൽ വരുന്നത് 2016ലാണ്. ചരിത്രം മറക്കരുത്. നാണംകെട്ട സംഭവമാണെങ്കിലും അത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.