പരാമർശം: ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി

Thursday 23 March 2023 4:24 AM IST

ന്യൂ ഡൽഹി : കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്ന സമയത്ത് ജഡ്‌ജിമാർ നടത്തുന്ന പരാമർശങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും, അതിനാൽ ജാഗ്രത പാലിക്കണമെന്നും സുപ്രീംകോടതി. അഴിമതിക്കേസിലെ ജാമ്യാപേക്ഷ പരിഗണിക്കവേ,​ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർണാടക ഹൈക്കോടതി ജഡ്‌ജി എച്ച്.പി. സന്ദേഷ് നടത്തിയ പരാമർശങ്ങൾ നീക്കിക്കൊണ്ടാണ് ജസ്റ്റിസ് കൃഷ്‌ണ മുരാരി അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

പരാമർശങ്ങൾ നടത്താൻ ജഡ്‌ജിക്ക് ന്യായമായ കാരണങ്ങൾ വേണം. കക്ഷികളുടെ അന്തസിനെ ബാധിക്കുന്ന കാര്യങ്ങളാണെന്നും കോടതി കൂട്ടിച്ചേർത്തു. കർണാടക ഹൈക്കോടതിയുടെ യു ട്യൂബ് ചാനൽ വഴി കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്കെതിരെ ജ‌ഡ്‌ജിയുടെ പരാമർശങ്ങളുണ്ടായത്. തുട‌ർന്ന് പരാമർശങ്ങൾ നീക്കി കിട്ടാൻ കർണാടക എ.ഡി.ജി.പി. സീമന്ത് കുമാർ സിംഗ്,​ ബംഗളൂരു അർബൻ മുൻ ഡെപ്യൂട്ടി കമ്മിഷണർ ജെ. മഞ്ജുനാഥ്,​ കർണാടക ആന്റി കറപ്ഷൻ ബ്യൂറോ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.