ചാല സബ് രജിസ്ട്രാർ ഓഫീസ് നവീകരണം ഉടൻ; കേരളകൗമുദി വാർത്തയിൽ രജിസ്ട്രേഷൻ വകുപ്പിന്റെ ഇടപെടൽ

Thursday 23 March 2023 3:52 AM IST

തിരുവനന്തപുരം: ആധാരവും വിവാഹവുമുൾപ്പെടെ ജില്ലയിൽ ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ നടക്കുന്ന കിള്ളിപ്പാലത്ത് സ്ഥിതിചെയ്യുന്ന ചാല സബ് രജിസ്ട്രാർ ഓഫീസ് നവീകരണം വരുന്ന സാമ്പത്തിക വർഷം ആരംഭിക്കും. അമൂല്യങ്ങളായ ഭൂരേഖകൾ സൂക്ഷിക്കുന്ന ചാല സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം കാലപ്പഴക്കത്താൽ നശിക്കുകയാണെന്ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഫണ്ടിന്റെ ലഭ്യതക്കുറവാണ് അറ്റകുറ്റപ്പണി ആരംഭിക്കാൻ വൈകുന്നതെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കാര്യാലയത്തിലെ ഉദ്യോഗസ്ഥർ കേരളകൗമുദിയോട് പറഞ്ഞു. കഴിഞ്ഞ വർഷം 8.40 ലക്ഷം രൂപയുടെ ഭരണാനുമതി ധനവകുപ്പിൽ നിന്ന് ലഭിച്ചെങ്കിലും ഫണ്ട് പാഴായി. പുതിയ ഫണ്ടിന്റെ അനുമതി ലഭിച്ച ഉടൻ നവീകരണം ആരംഭിക്കും.പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിടത്തിന്റെ നവീകരണച്ചുമതല. രജിസ്ട്രേഷൻ വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിൽ ഐക്യം കുറവായതാണ് കാലതാമസത്തിന് കാരണമെന്നും അഭിപ്രായമുണ്ട്. കരമനയാറിനോടു ചേർന്നാണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. ആറിലേക്ക് ജനങ്ങൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ദുർഗന്ധം പരത്തുകയും സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.രാജഭരണകാലത്തെയും

സെക്രട്ടേറിയറ്റ്,ഡി.ജി.പി ഓഫീസ് ഉൾപ്പെടെയുള്ള കെട്ടിടങ്ങളിലെയും രേഖകൾ വരെ സൂക്ഷിക്കുന്ന ഓഫീസ് കെട്ടിടമാണ് നശിക്കുന്നത്.

നേമത്തേക്ക് മാറ്റില്ല

താഴ്ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഓഫീസ് പ്രളയകാലത്ത് പ്രവർത്തിക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്. ചോർച്ചയിൽ ഭൂരേഖകൾ നശിക്കാനും സാദ്ധ്യതയുണ്ട്. നേമത്തുള്ള സബ് രജിസ്ട്രാർ ഓഫീസിലാണ് വെള്ളപ്പൊക്ക സമയത്ത് ഓഫീസിലെ ഫയലുകൾ സൂക്ഷിച്ചത്.നിലവിലെ ബുദ്ധിമുട്ടുകൾ മൂലം ചാല സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം നേമത്തേക്ക് മാറ്റാൻ ഇടയ്ക്ക് ആലോചനയുണ്ടായിരുന്നു. എന്നാൽ സന്ദർശകർക്കുള്ള അസൗകര്യത്താൽ പദ്ധതി ഉപേക്ഷിച്ചു.