കോർപറേഷന് 282.09കോടിയുടെ ബഡ്ജറ്റ് വിദ്യാഭ്യാസത്തിനും റോഡ് നവീകരണത്തിനും മുൻതൂക്കം

Wednesday 22 March 2023 9:54 PM IST

കണ്ണൂർ:വികസനത്തിന് ഊന്നൽ നൽകി സമഗ്ര മേഖലകളെയും സ്പർശിക്കുന്നതെന്ന അവകാശവുമായി ഡെപ്യൂട്ടി മേയർ കെ .ഷബീന കണ്ണൂർ കോർപ്പറേഷൻ ബഡ്ജറ്റ് അവതരിപ്പിച്ചു. തകർന്നുകിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്കും വിദ്യാഭ്യാസ പദ്ധതികൾക്കും മാലിന്യസംസ്കരണത്തിനും ഊന്നൽ നൽകുന്നതെന്ന് ഭരണപക്ഷം അവകാശപ്പെട്ട ബഡ്ജറ്റിനെ ആവർത്തനം എന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. മേയർ അഡ്വ.ടി.ഒ.മോഹനന്റെ അദ്ധ്യക്ഷതയിലായിരുന്നു ബഡ്ജറ്റ് അവതരണം.

പുതിയ റോഡുകൾ ടാർ ചെയ്യുന്നതിന് 17 കോടിയും നിലവിലുള്ളവ റീടാർ ചെയ്യുന്നതിന് 13 കോടിയുമുൾപ്പെടെ ആകെ 30 കോടിയാണ് നിലവിൽ നഗരം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നത്തെ നേരിടാൻ ബഡ്ജറ്റിൽ നീക്കിയത്. നഗരത്തിലെ റോഡുകൾ അങ്ങിങ്ങായി പൊളിച്ചിട്ടതിനെതിരെ എൽ.ഡി.എഫും വ്യാപാരിസമൂഹവും സമരമടക്കം നടത്തിയിരുന്നു.

പട്ടകജാതി യുവാക്കളുടെ തൊഴിൽ പരിശീലനത്തിനും വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്, വീട് നിർമ്മാണം, ഭൂമിവാങ്ങൽ,വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ എന്നിങ്ങനെ പട്ടികജാതി വികസനത്തിന് ഒരു കോടി നീക്കി .വിദ്യാഭ്യാസപദ്ധതികൾക്കായി 1.32 കോടി നീക്കി .

വിദ്യാ‌ത്ഥികൾക്ക് പ്രത്യേക പരിശീലനം,സ്കൂളുകൾക്ക് വാട്ടർ പ്യൂരിഫയർ,നീന്തൽ ,യോഗ,കരാട്ടെ,കളരി പരിശീലനം ,സ്കൂളുകളിൽ ഗാന്ധി പ്രതിമ എന്നിവയ്ക് പ്രത്യേകം തുക നീക്കിയിട്ടുണ്ട്. ഭിന്നശേഷി സ്കോളർഷിപ്പ്,ഭിന്നശേഷി ക്യാമ്പ് ,ഭിന്നശേഷിക്കാരുടെ ഉകപരണം എന്നിവയ്ക്കായി 1.96 കോടി വകയിരുത്തി.കാർഷികവികസനത്തിന്1.29 കോടി ചിലവിടും. സ്ത്രീശാക്തീകരണത്തിന് 67 ലക്ഷം രൂപ വകയിരുത്തി.

ബഡ്ജറ്റ് ചുരുക്കത്തിൽ

മുൻ നീക്കിയിരിപ്പ് 128,72,44,420

വരവ് 282,09,89,870

ചിലവ് 273,65,03,000

നീക്കിയിരിപ്പ് 137,17,31,290

പ്ളക്കാർഡുമായി പ്രതിപക്ഷം

ബഡ് ജ​റ്റ് ആവർത്തനമാണ്, കോർപറേഷൻ ജനങ്ങളെ കബളിപ്പിക്കുന്നു തുടങ്ങിയ പ്ലക്കാർഡുകളുമായി പ്രതിപക്ഷം .ഡെപ്യൂട്ടി മേയർ ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ പ്രതിഷേധവുമായെത്തി. ഇതിനിടയിൽ എ.കെ.ജിയെ അധിക്ഷേപിക്കുന്ന തരത്തിൽ പി.കെ.രാഗേഷ് പരാമർശം നടത്തിയെന്നാരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ചർച്ച ബഹിഷ്‌കരിച്ചു. ബഡ്ജ​റ്റിൽ പ്രതിമകളുടെ ആധിക്യമാണെന്ന എൽ.ഡി.എഫ് അംഗങ്ങളുടെ പരാമർശത്തെ തുടർന്നാണ് പി.കെ .രാഗേഷ് എ.കെ.ജിയെ അധിക്ഷേപിക്കുന്ന തരത്തിൽ മറുപടി നൽകിയത്.

ശങ്കറിന് പ്രതിമ

കണ്ണൂരിൽ നിന്ന് മത്സരിച്ച് മുഖ്യമന്ത്രിയായ ആർ.ശങ്കർ, കെ.കരുണാകരൻ എന്നിവർക്ക് സ്മാരകം നിർമ്മിക്കുന്നതിന് പത്തു ലക്ഷവും നെഹ്റു പ്രതിമക്ക് മൂന്ന് ലക്ഷവും ബഡ്ജറ്റിൽ നീക്കിവച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ ഈ ലിസ്റ്റിൽ പെടുത്താത്തത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രതിമകളേ വേണ്ടെന്നായിരുന്നു ബി.ജെ.പി പ്രതിനിധിയുടെ വാദം.

പ്രധാന പ്രഖ്യാപനങ്ങൾ

സ്മാർട്ട് അംഗനവാടി 1.20കോടി തൊഴിൽമേള 3 ലക്ഷം തയ്യിലിൽ വ്യാപാര സമുച്ഛയം 3 കോടി നീർച്ചാലിൽ മത്സ്യമാർക്ക​റ്റ് 10 ലക്ഷം മരക്കാർകണ്ടി രാജീവ്ഗാന്ധി സ്​റ്റേഡിയം നവീകരണം 20 ലക്ഷം ആ​റ്റടപ്പ ഡയാലിസിസ് സെന്റർ 40 ലക്ഷം ആരോഗ്യ മേഖല 1. 51 കോടി സാനി​റ്ററി നാപ്കിൻ/ ഡയപ്പർ ഇൻസിനേ​റ്റർ 50 ലക്ഷം

മേയർഭവൻ 1 കോടി

ഗാർബേജ് ഫ്രീ സി​റ്റി 1 കോടി

അറുപത്തിരണ്ടു വർ‌ഷമായി ചോലോറയിൽ കുമിഞ്ഞ് കൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.കേരളത്തിൽ അമൃത് ഫണ്ട് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ കേർപ്പറേഷൻ കൂടിയാണ് കണ്ണൂർ.സോണ്ടയെ മണിച്ചിത്രത്താഴിട്ട് പൂട്ടും.

സുരേഷ് ബാബു എളയാവൂർ,വിദ്യാഭ്യാസ-കായിക കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ

കഴിഞ്ഞ ബഡ്ജറ്റിൽ 76 പ്രഖ്യാപനങ്ങളുണ്ടായി.അതിൽ എത്രയെണ്ണമാണ് ഭാഗികമായെങ്കിലും നടപ്പിലാക്കിയത്.വെറും 28 എണ്ണം മാത്രം.ഒാഫീസേർസ് ക്ലബ്ബിന് സമീപം ഫ്ലൈ ഒാവർ നിർമ്മിക്കുമെന്ന് പറഞ്ഞിട്ടെന്തായി.ജവഹർ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുമെന്നും പറഞ്ഞു പുല്ലുപിടിപ്പിക്കുന്നതിനപ്പുറത്തേക്ക് എന്ത് ചെയ്തു.

എൻ.സുകന്യ എൽ.ഡി.എഫ്