കൊവിഡിൽ അടച്ചിട്ട മാഹി സ്പിന്നിംഗ് മിൽ തുറന്നില്ല: ഇഴപൊട്ടി ഇവിടെ തൊഴിലാളി ജീവിതം
മാഹി :മയ്യഴിയിലെ ഏക പൊതുമേഖലാ സ്ഥാപനമായ മാഹി സ്പിന്നിംഗ് മില്ലിലെ തൊഴിലാളികൾ കഴിഞ്ഞ മൂന്ന് വർഷക്കാലമായി സമരത്തിലാണ്. പട്ടിണിയിലും അർദ്ധ പട്ടിണിയിലും ജീവിക്കുന്ന ഇവരുടെ ദുരിതം അധികൃതർ ഇപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ്. അനിശ്ചിതകാല സമരം വഞ്ചനാദിനമായാണ് മൂന്നാം വാർഷികം തൊഴിലാളികൾ ആചരിച്ചത്.കേരള,പുതുച്ചേരി മുഖ്യമന്ത്രിമാർ തൊട്ട് കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രിയെ വരെ യൂണിയൻ നേതാക്കൾ നേരിൽക്കണ്ട് സങ്കടമുണർത്തിച്ചു. ഫലം കണ്ടില്ല. ഇരുപത്തിമൂന്ന് ടെക്സ്റ്റയിൽ മില്ലുകൾ കടുത്ത നഷ്ടത്തിലാണെന്നും 150 കോടി രൂപയുടെ നൂലുകൾ വിപണിയില്ലാതെ കെട്ടിക്കിടക്കുകയാണെന്നും, റിവൈവൽ സ്‌കീം അനുസരിച്ച് തൊഴിലാളികൾക്ക് വി.ആർ.എസ്. നൽകുന്നതുൾപ്പടെയുള്ള ചിലവുകൾക്കായി 5500 കോടി രൂപ വേണ്ടി വരുമെന്നാണ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി പാർലമെന്റിൽ വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം മാർച്ച് 31 നകം മിൽ തുറന്നു പ്രവർത്തിക്കുമെന്ന കേന്ദ്രടെക്സ്റ്റയിൽ മന്ത്രിയുടെയും, ഉത്തരവാദിത്തപ്പെട്ടവരുടേയും ഉറപ്പുകൾ ലംഘിക്കപ്പെട്ടതോടെ തൊഴിലാളികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. അതിനിടെ ഒരു സ്വകാര്യ കൺസൾട്ടിംഗ് കമ്പനി മിൽ നിലനിൽക്കുന്ന പ്രദേശത്തിന്റെ വിസ്തൃതിയും മൊത്തം ആസ്തിയും നിജപ്പെടുത്തിയതായും വിവരമുണ്ട്. മിൽ സ്വകാര്യ മേഖലക്ക് കൈമാറ്റം ചെയ്യുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സംശയം.
അത് സുവർണകാലം 1962 ൽ പ്രമുഖ വ്യവസായി തലശ്ശേരിയിലെ കായ്യത്ത് ദാമോദരൻ മിൽ സ്ഥാപിക്കുമ്പോൾ 1500 തൊഴിലാളികളുണ്ടായിരുന്നു. 1972 ൽ ഈ സ്ഥാപനം നാഷണൽ ടെക്സ്റ്റയിൽസ് കോർപ്പറേഷൻ ഏറ്റെടുക്കുകയായിരുന്നു.മൂന്ന് ഷ്ര്രിഫുകളിൽ പ്രവർത്തിച്ചു വന്ന ഈ സ്ഥാപനം തുടക്കം മുതൽ നല്ല ലാഭത്തിലായിരുന്നു. നിലവിൽ 200സ്ഥിരംതൊഴിലാളികളും 210 താത്കാലിക തൊഴിലാളികളുമാണുള്ളത് .അടച്ചിട്ട മില്ലിലെ ഓഫീസ് ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മുഴുവൻ ശമ്പളവും ലഭിക്കുമ്പോൾ, സ്ഥിരം തൊഴിലാളികൾക്ക് 35 ശതമാനം ശമ്പളം മാത്രമാണ് നൽകി വരുന്നത് . താത്കാലിക തൊഴിലാളികൾക്ക് ഒരുവേതനവും നൽകിയിട്ടില്ല.