ഓൺലൈൻ പടക്ക വ്യാപാരം പൊലീസ് തടഞ്ഞു

Wednesday 22 March 2023 10:47 PM IST

പയ്യന്നൂർ : നടപടിക്രമങ്ങൾ പാലിക്കാതെ ഓൺലൈനായി പടക്കം വിൽക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.പെരുമ്പയിലെ ട്രാവൽ ഏജൻസി ഓഫിസിനോടു ചേർന്ന് പ്രവർത്തിക്കുന്ന പാർസൽ സർവീസ് ഏജൻസി വഴിയാണ് ബുധനാഴ്ച ഉച്ചയോടെ നിരവധി പെട്ടികളിലായി പടക്കങ്ങൾ എത്തിയത്. ഇതാണ് പൊലീസ് തടഞ്ഞത്.

ഓൺലൈനായി ബുക്ക് ചെയ്തവരുടെ പേരും ഫോൺ നമ്പറും ഉൾപ്പടെയായിരുന്നു പെട്ടികൾ എത്തിയത്.പെട്ടികളിൽ പടക്കങ്ങളാണെന്ന് അറിഞ്ഞതോടെ അംഗീകൃത പടക്കവ്യാപാരികളും മർച്ചന്റ് യൂത്ത് വിംഗ് പ്രവർത്തകരും സ്ഥാപനത്തിനു മുന്നിൽ തടിച്ചുകൂടി. ഇതിനിടെ പെട്ടികൾ ഇറക്കിയ ലോറി ചെറുവത്തൂർ ഭാഗത്തേക്കും പോയി.പടക്കങ്ങൾ അടങ്ങിയ പെട്ടികൾ കൂട്ടിയിട്ട സ്ഥാപനത്തിനു തൊട്ടടുത്ത് ഗ്യാസ് ഏജൻസിയുടെ ഓഫീസായിരുന്നു. ഇതും നടപടിക്ക് കാരണമായി.

അഗ്നി സുരക്ഷാ ലൈസൻസും എക്സ്‌പ്‌ളോസീവ് ലൈസൻസും ഉൾപ്പടെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഓൺലൈൻ പടക്ക വിൽപനയെന്ന് അംഗീകൃത പടക്ക വ്യാപാരികൾ പറയുന്നു.ഇതോടെ പൊലീസ് സ്ഥലത്തെത്തി പടക്കങ്ങൾ നിറച്ച പെട്ടികൾ സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.