വെട്ടിയൊരുക്കുന്നു പുതിയ 49 കുളങ്ങൾ
നിർമ്മാണം തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി
ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിലൂടെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകി ജില്ലയിൽ പുതുതായി 49 കുളങ്ങൾ നിർമ്മിക്കുന്നു. നിലവിലുള്ള പൊതു, സ്വകാര്യ കുളങ്ങളുടെ പുനരുദ്ധാരണവും ഇതോടൊപ്പം നടത്തും.
ഭൂമിയിലെ ഈർപ്പം നിലനിറുത്തുന്നതോടൊപ്പം ജലം സംഭരിക്കാൻ കഴിയുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളിൽ കുളങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. ജലസംരക്ഷണത്തിലൂടെ ജീവനും ജൈവ വ്യവസ്ഥയും നിലനിറുത്തുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. വേനലിൽ വറ്റാത്ത വരദാനമായി കുളങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. 33 മുതൽ 1800 ക്യുബിക് അടി വരെ വെള്ളം ശേഖരിക്കാൻ കഴിയുന്ന കുളങ്ങളാണ് നിർമ്മിക്കുന്നത്.
ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി 2589 ദിനങ്ങളിലൂടെ 25,000 പേർക്ക് തൊഴിൽ നൽകാനായി. കയർ വിരിപ്പായയുടെ ഉപയോഗം പദ്ധതിയിൽ ഉൾപ്പെടുത്തിയത് കയർമേഖലയ്ക്ക് ആശ്വാസമായി. ജില്ലയിലെ 12 ബ്ളോക്കുകളിൽ ഇന്നലെ വരെ 49 കുളങ്ങൾക്ക് വേണ്ടി 70.5 ലക്ഷത്തിലധികം രൂപയാണ് ചെലവഴിച്ചത്. കുളങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിലൂടെ 26,540 ക്യുബിക് മീറ്റർ ജലം സംഭരിക്കാനാകും. നിലവിലുള്ള കുളങ്ങളിലെയും പ്രധാന തോടുകളിലെയും മാലിന്യങ്ങൾ നീക്കി ജലം കൃഷിക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പ്രയോജനപ്പെടുത്തുന്ന പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്. കുളങ്ങളുടെ മണൽ തിട്ട ഇടിയാതിരിക്കാൻ കയർ വിരിപ്പായയാണ് ഉപയോഗിക്കുന്നത്.
സംസ്ഥാനത്ത് 1000 കുളങ്ങൾ
ജലസംരക്ഷണ ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് 1000 കുളങ്ങൾ നാടിന് സമർപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വളവനാട് കേശാംകുളം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നാടിന് സമർപ്പിച്ച് ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുമ ശിവദാസ്, കെ.ജെ.ടോമി, വി.സജി, എം.രജിഷ്, വി.ഡി.അംബുജാക്ഷൻ, സി.എസ്.ജയചന്ദ്രൻ, മായ, പഞ്ചായത്ത് സെക്രട്ടറി കെ.രേഖ എന്നിവർ സംസാരിച്ചു.
പദ്ധതി
ആകെ നിർമ്മിക്കുന്ന കുളങ്ങൾ: 49
തൊഴിൽ: 25,000 പേർക്ക്
ചെലവഴിച്ചത്: 70.5 ലക്ഷം
ജല സംഭരണശേഷി: 26,540 ക്യുബിക് മീറ്റർ
കപ്പാസിറ്റി: 33 മുതൽ 1800 ക്യുബിക് അടി