ജഡ്‌ജി നിയമനങ്ങൾ തടയരുത് ; സ്വരം കടുപ്പിച്ച് കൊളീജിയം

Thursday 23 March 2023 4:09 AM IST

കേന്ദ്രത്തിന് കർശന നിർദ്ദേശങ്ങൾ

ന്യൂ ഡൽഹി : ഉന്നത ജുഡീഷ്യൽ നിയമനങ്ങളിൽ കേന്ദ്രസർക്കാരുമായി സന്ധിയില്ലെന്ന സന്ദേശം നൽകി സുപ്രീംകോടതി കൊളീജിയം.

ജഡ്‌ജിമാരുടെ നിയമനം ത്വരിതപ്പെടുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട കൊളീജിയം, തങ്ങൾ ശുപാർശ ചെയ്‌തവരുടെ നിയമനം വൈകിപ്പിക്കുന്നതും തടയുന്നതും ജഡ്‌ജിമാരുടെ സീനിയോറിറ്റി നഷ്‌ടമാക്കുന്നതായും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ കൊളീജിയം ചൂണ്ടിക്കാട്ടി.

മദ്രാസ് ഹൈക്കോടതി, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് 21ന് ചേർന്ന കൊളീജിയം യോഗമാണ് കേന്ദ്ര നിലപാടിലുളള അതൃപ്‌തി രേഖാമൂലം വ്യക്തമാക്കിയത്. ജില്ലാ ജഡ്‌ജിമാരായ ആർ. ശക്തിവേൽ, പി. ധനബാൽ, ചിന്നസാമി കുമരപ്പൻ, കെ. രാജശേഖർ എന്നിവരെ മദ്രാസ് ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ഈ യോഗം ശുപാർശ ചെയ്‌തു.

മദ്രാസ് ഹൈക്കോടതി ജഡ്‌ജിമാരുടെ നിയമനത്തിൽ കൊളീജിയം കേന്ദ്രത്തിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. അഡ്വ. ആർ. ജോൺ സത്യനെ നിയമിക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയിരുന്നു. ആ ഫയൽ കൊളീജിയം തിരിച്ചയച്ചു. ജോൺ സത്യന്റേത് അടക്കം ഇതുവരെ ശുപാർശ നൽകിയിട്ടുളളവരുടെ നിയമനത്തിന് എത്രയും വേഗം കേന്ദ്രം വിജ്ഞാപനമിറക്കണം. നിയമനം തടയുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് സീനിയോറിറ്റിയെ ബാധിക്കും.

കൊളീജിയം നേരത്തേ ശുപാർശ ചെയ്ത അഡ്വ. രാമസ്വാമി നീലകണ്‌ഠന് ജനുവരി 31ന് 48 വയസും ഏഴ് മാസവുമായി. മാർച്ച് 21ന് ശുപാ‌ർശ ചെയ്‌ത കെ. രാജശേഖറിന് 47 വയസും ഒൻപത് മാസവും. രാമസ്വാമി നീലകണ്‌ഠനെയാണ് ആദ്യം നിയമിക്കേണ്ടത്. ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ സീനിയോറിറ്റി നഷ്‌ടമാകും. അത് അനീതിയാണ്. കീഴ്‌വഴക്കങ്ങൾക്ക് എതിരാണ്. എൽ. വിക്‌ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായി നിയമിച്ചതോടെ നേരത്തേ ശുപാ‌ർശ ചെയ്യപ്പെട്ട പലരുടെയും സീനിയോറിറ്റി നഷ്‌ടമായെന്നും കൊളീജിയം ചൂണ്ടിക്കാട്ടി

കേരള ഹൈക്കോടതി ജഡ്‌ജി കെ. വിനോദ് ചന്ദ്രനെ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്രിസായി നിയമിക്കണമെന്ന ശുപാർശയിലും കേന്ദ്രം തീരുമാനമെടുത്തിട്ടില്ല.