നഴ്സിംഗ് അഡ്മിഷന്റെ പേരിൽ 5.31 ലക്ഷം തട്ടി, 2 പേർ പിടിയിൽ

Thursday 23 March 2023 12:14 AM IST
ആഷിഖ് അഹമ്മദ്

മാവേലിക്കര: ഒറ്റപ്പാലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ബി.എസ് സി നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് മാവേലിക്കര സ്വദേശിനിയിൽ നിന്നു 5.31 ലക്ഷം തട്ടിയെടുത്ത 2 പേരെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ കാളികാവിൽ പൂവത്തിക്കൽ വീട്ടിൽ ആഷിഖ് അഹമ്മദ് (29), തിരുവനന്തപുരം തിരുവല്ലം വില്ലേജിൽ നിരപ്പിൽ ഭാഗത്ത് കൃഷ്ണകൃപ വീട്ടിൽ ബീന (42) എന്നിവരെയാണ് മാവേലിക്കര സി.ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

2022 ഡിസംബറിൽ നഴ്സിംഗ് അഡ്മിഷൻ ആവശ്യവുമായി പെൺകുട്ടിയുടെ പിതാവ് ആഷിഖ് അഹമ്മദിനെ ബന്ധപ്പെട്ടു. ഒറ്റപ്പാലത്തെ കാേളേജിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത ആഷിഖ് പെൺകുട്ടിയെയും പിതാവിനെയും കോളേജിൽ വിളിച്ചു വരുത്തി കാമ്പസും ഹോസ്റ്റലും കാണിച്ചു. തുടർന്ന് കോളേജ് സ്റ്റാഫ് എന്ന വ്യാജേന ബീന പെൺകുട്ടിയോട് സംസാരിച്ചു. കോളേജിന്റെ ലോഗോ സഹിതം ഇ മെയിൽ അറിയിപ്പുകൾ ബീന പെൺകുട്ടിക്ക് അയച്ചു. അഡ്മിഷന് ഡൊണേഷൻ എന്ന പേരിൽ 5.31 ലക്ഷം രൂപ ആഷിഖും ബീനയും കൂടി പെൺകുട്ടിയുടെ പിതാവിൽ നിന്നു തട്ടിയെടുത്തു. മാസങ്ങൾ കഴിഞ്ഞിട്ടും അഡ്മിഷൻ ലഭിക്കാത്തതിനാൽ പെൺകുട്ടി കോളേജിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അഡ്മിഷൻ അവസാനിച്ചെന്നും ക്ലാസ് തുടങ്ങിയെന്നും അറിയുന്നത്.
തുടർന്ന് കുട്ടി പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് ബീനയെയും ഇന്നലെ പുലർച്ചെ മലപ്പുറം കാളികാവിൽ നിന്നും ആഷിഖിനേയും അറസ്റ്റ് ചെയ്തു. സംസ്ഥാത്തൊട്ടാകെ ഇവർ ഉൾപ്പെടുന്ന സംഘം സമാന തട്ടിപ്പുകൾ നടത്തിയതായി സംശയിക്കുന്നുവെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ
എസ്.ഐ സി. പ്രഹ്ലാദൻ, എസ്.സി.പി.ഒമാരായ സിനു വർഗ്ഗീസ്, പി.കെ. റിയാസ്, സി.പി.ഒ എസ്. സിയാദ് എന്നിവരുമുണ്ടായിരുന്നു.

Advertisement
Advertisement