ഇന്ത്യൻ യുവതയുടെ ജ്വാല

Thursday 23 March 2023 12:00 AM IST

ഇന്ന് ഭഗത് സിംഗ് രക്തസാക്ഷിദിനം. 1913 ഏപ്രിൽ 13. ബ്രിട്ടീഷ് സൈനികരുടെ തോക്കുകൾ ജാലിയൻ വാലാബാഗിൽ താണ്ഡവമാടിയ ദിനം. സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധവുമായി തടിച്ചുകൂടിയ ജനങ്ങൾക്കു നേരെ അപ്രതീക്ഷിതമായാണ് തോക്കുകൾ ഗർജ്ജിച്ചത്. നിറതോക്കുകളുമായി ജനറൽ ഡയറിന്റെ ഗൂർഖാ റെജിമെന്റ്. ആയിരങ്ങൾ വെടിയേറ്റും വിരണ്ടോടിയും കിണറ്റിൽ ചാടിയും രക്തസാക്ഷികളായി.

തൊട്ടടുത്ത ദിവസം വീരഭൂമിയിലേക്ക് നടന്നടുത്ത ഒരു 12 വയസുകാരൻ രക്തംപുരണ്ട ഒരുപിടി മണ്ണെടുത്ത് ഈ രക്തത്തിന് പകരം ചോദിക്കുമന്ന് പ്രതിജ്ഞയെടുത്തു. 23-ാം വയസിൽ ബ്രിട്ടീഷ് കൊലയാളികളുടെ തൂക്കുമരത്തിൽ പുഞ്ചിരിയോടെ ജീവൻ വെടിഞ്ഞ ഷഹീദ് ഭഗത്‌സിംഗ് !

ആര്യസമാജാംഗമായിരുന്നു ഭഗത്തിന്റെ മുത്തച്ഛൻ. ആര്യസമാജത്തിന്റെയും വിപ്ലവസംഘമായ ഗദർ പാർട്ടിയുടെയും പ്രവർത്തകനായിരുന്ന അച്ഛൻ കിഷൻസിംഗ്,​ ഭഗത്തിനെ പ്രസവിച്ച ദിവസം ജയിലിലായിരുന്നു. വിദ്യാർത്ഥിയായിരിക്കെ ലാഹോറിൽ നടന്ന നിസഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പഠനം നാഷണൽ കോളേജിലേക്കു മാറ്റി. ആത്മാർത്ഥ സുഹൃത്തുക്കളായി മാറിയ ചന്ദ്രശേഖർ ആസാദ്, ജതീന്ദ്രദാസ്, സുഖദേവ് തുടങ്ങിയവരെ പരിചയപ്പെട്ടു.
അദ്ദേഹത്തിന്റെ വിധി നിർണയിച്ച സംഭവങ്ങൾ അരങ്ങേറിയത് 1924നു ശേഷമുള്ള അഞ്ച് വർഷങ്ങളിലാണ്. ദേശസ്‌നേഹി ലാലാ ലജ്പത് റായിയുടെ മരണത്തിനു കാരണക്കാരായ പൊലീസ് ഓഫീസർമാരിൽ ഒരാളായ ജെ.പി. സാൻഡേഴ്സനെ ഭഗത്തും സംഘവും വെടിവച്ചുകൊന്നു. ഒളിവിൽപ്പോയശേഷം പ്രത്യക്ഷപ്പെടുന്നത് സെൻട്രൽ അസംബ്ലി ഹാളിൽ ബോംബെറിയാനാണ്.

രാജ്യത്തെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കാനും വിചാരണകൂടാതെ ആരെയും തടങ്കലിൽ വയ്ക്കാനും പത്രങ്ങളുടെ വായടയ്ക്കാനും ഉദ്ദേശിച്ചുള്ള ബില്ലിനെതിരെ ജനരോഷം വരണമെന്നു യുവാക്കൾ ആഗ്രഹിച്ചു. 1929 ഏപ്രിൽ എട്ട്. അസംബ്ലി നടക്കവേ സന്ദർശക ഗ്യാലറിയിൽ നിന്നും ഭഗത്തും ബി.കെ.ദത്തും അസംബ്ലിയുടെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ബോംബെറിഞ്ഞു. ഇൻക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ മുദ്രാവാക്യങ്ങൾ മുഴക്കി ലഘുലേഖകൾ വിതരണം ചെയ്തു.

ചെഗുവേരയെപ്പോലെ

അറിയപ്പെട്ടില്ല


ലാലാ ലജ്പത്റായി മുൻകൈയെടുത്ത് സ്ഥാപിച്ച ലാഹോറിലെ ദ്വാരകാദാസ് ലൈബ്രറി ഭഗത് സിംഗിന്റെ പ്രധാന താവളമായിരുന്നു. മാർക്സ്, ലെനിൻ, ഗോർക്കി, ബക്കുനിൻ, വിക്ടർ യൂഗോ, കാൾ കൗട്സ്‌കി, ജെയിംസ് മിൽ,സ്പിനോസ, സിൻക്ലിയർ, ദെസ്തയോവ്സ്‌കി തുടങ്ങിയവരുടെ ഗ്രന്ഥങ്ങളുടെ വായന വ്യത്യസ്തമായ ദേശീയ ചിന്തയുണ്ടാക്കി.

ചെഗുവേരയെ വാഴ്ത്തുന്ന യുവത്വം അതിനേക്കാൾ ഉയരത്തിൽ പ്രതിഷ്ഠിക്കേണ്ടയാളല്ലേ ഭഗത് സിംഗ്? സെൻട്രൽ ഹാളിൽ ബോംബെറിയാനുള്ള ചുമതല ഏറ്റെടുക്കുമ്പോൾ ഭഗത്തിനറിയാമായിരുന്നു മുന്നിൽ കൊലമരമാണെന്ന്. ജയിലിൽ വന്നുകണ്ട ഭഗതിന്റെ ധീരമാതാവ് മകനോട് പറഞ്ഞ വാക്യങ്ങൾ അനശ്വരമാണ്. ''എല്ലാ മനുഷ്യരും ഒരുനാൾ മരിക്കും. എന്നാൽ ലോകം വാഴ്ത്തുന്ന മരണം മഹത്താണ്.'' തൂക്കുമരത്തിൽ കയറുമ്പോൾ ഇൻക്വിലാബ് വിളിക്കണമെന്നും അമ്മ മകനെ ഓർമ്മിപ്പിച്ചു. 1931 മാർച്ച് 23ന് അദ്ദേഹമത് അനുസരിച്ചു.
അക്ഷോഭ്യനായി തൂക്കുമരത്തിനു മുന്നിൽനിന്ന ഭഗത്, ഉത്തരവു നടപ്പാക്കാനെത്തിയ മജിസ്‌ട്രേറ്റിനോട് പറഞ്ഞത് താങ്കൾ ഭാഗ്യവാനാണെന്നായിരുന്നു. 'എന്തുകൊണ്ടെന്നാൽ ഒരിന്ത്യൻ വിപ്ലവകാരി തന്റെ മഹത്തായ ആശയങ്ങൾക്കു വേണ്ടി ചിരിച്ചുകൊണ്ട് എങ്ങനെയാണ് മരണത്തെ ആലിംഗനം ചെയ്യുന്നതെന്നു കാണാനുള്ള അവസരം താങ്കൾക്കു ലഭിക്കുകയാണല്ലോ'. ആർജ്ജവം, ധീരത, ദൃഢമായ രാജ്യസ്‌നേഹം, കൂർത്ത ചിന്താശക്തി ഇവയുടെ സമ്മേളനമായിരുന്നു ഭഗത് സിംഗ്.