കാട്ടാന ശല്യം പരിഹരിക്കുന്നതിന് 1.93 കോടിയുടെ കേന്ദ്ര പദ്ധതി
തൊടുപുഴ: കാട്ടാന ശല്യം പരിഹരിക്കുന്നതിന് പ്രൊജക്ട് എലിഫെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിരുന്ന പ്രത്യേക പദ്ധതിക്ക് അംഗീകാരമായതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ ആനയിറങ്കൽ ഉൾപ്പടെ ചിന്നക്കനാൽ, ശാന്തമ്പാറ, മൂന്നാർ മേഖലകളെയും, ജില്ലയിലെ മറ്റു പ്രദേശങ്ങളെയും ഉൾക്കൊളളിച്ചാണ് സമഗ്രമായ പ്രതിരോധ പദ്ധതിക്ക് അംഗീകാരം തേടിയത്. ഇതിനായി 1 കോടി 93 ലക്ഷം രൂപയുടെ പദ്ധതിക്കാണ് കേന്ദ്രം അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ ആദ്യ ഗഡുവായി 29.03 ലക്ഷം രൂപയും സംസ്ഥാനത്തിന് കൈമാറി. പദ്ധതി തുകയുടെ 60ശതമാനം കേന്ദ്ര സർക്കാർ നൽകും. ഇത് പ്രകാരം 1 കോടി 16 ലക്ഷം രൂപ കേന്ദ്ര സർക്കാർ നൽകുമ്പോൾ 77.42 ലക്ഷം സംസ്ഥാന സർക്കാർ വഹിക്കേണ്ടതുണ്ട്. നിലവിൽ ആദ്യ ഗഡുവായി 29.03 ലക്ഷം രൂപ കേന്ദ്രം അനുവദിച്ചപ്പോൾ സംസ്ഥാന സർക്കാർ 19.35 ലക്ഷം രൂപ നൽകും. ഏകദേശം 50 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കാൻ സാധിക്കും. ജില്ലയിലെ ആനശല്യമുള്ള മുഴുവൻ മേഖലകളിലും പദ്ധതിക്ക് രൂപം നൽകണമെന്ന് നേരത്തേ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കി നൽകിയ പ്രോജക്ട് റിപ്പോർട്ടാണ് കേന്ദ്രം അനുവദിച്ചത്. ഇതിന് ഉടൻ തന്നെ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചതെന്ന് എം.പി. അറിയിച്ചു. ജില്ലയൊന്നാകെ കാട്ടുമൃഗശല്യത്തിൽ വലഞ്ഞ് നിൽക്കുമ്പോൾ ഒരാശ്വാസ പദ്ധതിയായിട്ടാണ് കേന്ദ്ര സഹായത്തെ കാണുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.