അഞ്ചു വർഷത്തെ നികുതി ഒന്നിച്ചു പിരിയ്ക്കാൻ നഗരസഭ; പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ, ചെയർപേഴ്സണെ ഉപരോധിച്ചു
കോട്ടയം : ജനങ്ങൾക്ക് മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിച്ച നഗരസഭ ചെയർപേഴ്‌സണിന്റെ നടപടിക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധം. ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചു. അഞ്ചു വർഷത്തെ കെട്ടിടനികുതി ഒന്നിച്ചു പിരിയ്ക്കാനായാണ് നഗരസഭ നോട്ടീസ് ഇഷ്യൂ ചെയ്തത്. ഇന്നലെ കൂടിയ കൗൺസിലിൽ വിഷയം ഉന്നയിക്കപ്പെട്ടു.
സർക്കാർ ഉത്തരവിന് വിരുദ്ധമായി 100 മുതൽ 120% വരെയാണ് നരഗസഭാ പരിധിക്കകത്ത് നികുതി കൂട്ടിയത്. വ്യാപാരികൾക്കും, സാധാരണക്കാർക്കും ഒരുപോലെ തിരിച്ചടിയാകുന്ന തീരുമാനത്തിന് കൗൺസിൽ അംഗീകാരമില്ല. മുൻസിപ്പൽ നിയമത്തിൽ പറയുന്നത് മൂന്ന് വർഷത്തെ നികുതി പരിഷ്‌കരണം നടത്താവൂ എന്നാണ്. എന്നാൽ അഞ്ച് വർഷത്തെ പരിഷ്‌കരണമാണ് നഗരസഭ നടപ്പിലാക്കിയത്. മാത്രമല്ല, ഇപ്പോൾ വിതരണം ചെയ്ത ഡിമാന്റ് നോട്ടീസ് തയ്യാറാക്കിയത് 2019ലാണ്. ഇതിൽ 2020, 2021 സാമ്പത്തിക വർഷങ്ങളിലെ നികുതിയും ആവശ്യപ്പെടുന്നുണ്ട്. ഇതും ആശയക്കുഴപ്പത്തിനിടയാക്കി.
ഉത്തരവ് പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടാഴ്‌ചക്ക് മുമ്പ് 22 എൽഡിഎഫ് കൗൺസിലർമാർ ഒപ്പിട്ട് നോട്ടീസ് നൽകിയെങ്കിലും ഇതു പരിഗണിക്കാൻ ചെയർപേഴ്‌സൺ തയ്യാറായില്ല. ഈ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ, ജോസ് പള്ളിക്കുന്നേൽ, ജിബി ജോൺ, എൻ.എൻ വിനോദ്, എം.എസ് വേണുക്കുട്ടൻ, സിന്ധു ജയകുമാർ, ദീപമോൾ, ടി.എൻ മനോജ് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി. അതേസമയം, യുഡിഎഫ് അംഗങ്ങളായ എം.പി സന്തോഷ് കുമാർ, എം.എ ഷാജി തുടങ്ങിയവരും പ്രതിപക്ഷ ആവശ്യത്തോടു യോജിച്ചു നിന്നു. പ്രതിഷേധം കാരണം കൗൺസിൽ തുടരാൻ കഴിഞ്ഞില്ല. അടിയന്തിരമായി ഇന്ന് കൗൺസിൽ കൂടാമെന്നും വിഷയം പരിഹരിക്കാമെന്നുമുള്ള ചെയപേഴ്‌സന്റെ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ചെയർപേഴ്സന്റെ ജനദ്രോഹ നടപടിക്കെതിരെയാണ് ഉപരോധം നടത്തിയത്. അഞ്ചു വർഷത്തെ നികുതി ഒന്നിച്ചു പിരിയ്ക്കാനുള്ള തീരുമാനം ധനകാര്യ സമിതിയിൽ എടുത്തെന്നാണ് പറയുന്നത്. എന്നാൽ ഇതിന് കൗൺസിൽ അംഗീകാരം ആവശ്യമാണ്. - ഷീജ അനിൽ (പ്രതിപക്ഷ കൗൺസിലർ)