ലേഡീസ് ഹോസ്‌റ്റലിൽ പഠിക്കുകയായിരുന്ന കുട്ടികളെ വിളിച്ച് നഗ്നതാ പ്രദർശനം നടത്തി, ഓട്ടോ ഡ്രൈവർ പിടിയിൽ

Wednesday 22 March 2023 11:58 PM IST

തിരുവനന്തപുരം: ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ രാത്രി നഗ്നതാപ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. വട്ടിയൂർക്കാവ് മൂന്നാംമൂട് വയലിക്കട ചന്ദ്രികാഭവനിൽ മുത്തുരാജിനെയാണ് (47) മ്യൂസിയം പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. കോട്ടൺഹിൽ സ്‌കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുമ്പിലായിരുന്നു സംഭവം.

രാത്രി 10.30ഓടെ മുത്തുരാജ് തന്റെ ഓട്ടോയുമായി ഹോസ്റ്റലിന് മുമ്പിലെത്തുകയും മുകൾനിലയിൽ പഠിക്കുകയായിരുന്ന വിദ്യാർത്ഥിനികൾക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മുത്തുരാജ് സ്ഥലംവിട്ടു. മുത്തുരാജിന്റെ ഓട്ടോയുടെ നമ്പരും അടയാളങ്ങളും സഹിതം വിദ്യാർത്ഥിനികൾ ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതും സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മുത്തുരാജിനെ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ മറ്റ് കേസുകളൊന്നും നിലവിലില്ലെന്ന് മ്യൂസിയം സി.ഐ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.