നൂലിഴകളിൽ മദർ തെരേസാ ചിത്രം തീർത്ത വിൻസെന്റിന് ഗിന്നസ് റെക്കാഡ്
ഇരിങ്ങാലക്കുട: പത്തടി നീളവും വീതിയുമുള്ള വൃത്താകൃതിയുള്ള കാൻവാസ് ബോർഡിൽ 3500 ൽ പരം നൂലിഴകൾ കൊണ്ട് മദർ തെരേസയുടെ ഛായാചിത്രം തീർത്ത തൃശൂർ ജില്ലക്കാരനും അനാമോർഫിക് ആർട്ടിലൂടെ ശ്രദ്ധേയനുമായ വിൻസന്റ് പല്ലിശ്ശേരിക്ക് ലാർജസ്റ്റ് പിൻ ആൻഡ് ത്രഡ് ആർട്ട് കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കാഡ് ലഭിച്ചു. ഇറാഖ് സ്വദേശിയായ സയ്യിദ് ബാഷൂണിന്റെ പേരിലുണ്ടായിരുന്ന ആറര അടി വലിപ്പമുള്ള ചിത്രത്തിന്റെ റെക്കാഡാണ് വിൻസെന്റ് പത്തടിയുള്ള കാൻവാസിൽ നൂൽ ചിത്രം നിർമ്മിച്ച് മറികടന്നത്.
ആൾ ഗിന്നസ് റെക്കാഡ് ഹോൾഡേഴ്‌സ് കേരള (ആഗ്രഹ്) സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ ഗിന്നസ് സർട്ടിഫിക്കറ്റ് വിൻസെന്റ് പല്ലിശ്ശേരിക്ക് കൈമാറി. 67 വർഷത്തെ ഗിന്നസിന്റെ ചരിത്രത്തിൽ വ്യക്തിഗത ഇനത്തിൽ ഗിന്നസ് നേട്ടം കൈവരിക്കുന്ന അറുപതാമത്തെ മലയാളിയാണ് വിൻസെന്റ് പല്ലിശേരിയെന്ന് സത്താർ ആദൂർ അറിയിച്ചു. ചിത്രകലയിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള വിൻസെന്റ് പല്ലിശ്ശേരിക്ക് അനാമോർഫിക് ആർട്ടിൽ 2018 ൽ യു.ആർ.എഫ് ഏഷ്യൻ റെക്കാഡ് ലഭിച്ചിരുന്നു. കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനായ വിൻസെന്റ് തൃശൂർ ജില്ലയിലെ നെടുമ്പാൾ പല്ലിശ്ശേരി വീട്ടിൽ പരേതനായ ലോനപ്പന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: സോഫിയ. മക്കൾ: ആനി (സെന്റ് തോമസ് കോളജ്, തൃശൂർ), ആശ (പി.വി.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, പറപ്പൂക്കര).