വിവാഹിതരും അവിവാഹിതരുമായ സ്‌ത്രീകളുമായി നിരന്തരം അവിഹിത ബന്ധം, സമ്മതിക്കാത്തവരെ വീഡിയോ കാട്ടി വിരട്ടൽ; അമൃത്‌പാൽ സിംഗിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ നിന്നും കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

Thursday 23 March 2023 1:06 AM IST

അമൃത്‌സർ: ഖാലിസ്ഥാൻ വിഘടനവാദ ഗ്രൂപ്പ് വാരിസ് പഞ്ചാബ് ദെ നേതാവായ അമൃത്‌പാൽ സിംഗ് തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ നിരവധി സ്‌ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നതായി വിവരം. ഒരു ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിവാഹിതരും അല്ലാത്തവരുമായ സ്‌ത്രീകളുമായി അമൃത്‌പാൽ സിംഗ് നിരന്തരം ഇൻസ്‌റ്റഗ്രാമിലൂടെ ചാറ്റ് ചെയ്‌തിരുന്നു.

ഇവരിൽ ചിലരുമായി അവിഹിത ബന്ധമെന്ന് ഇയാൾ തന്നെ സമ്മതിക്കുന്നുണ്ട്. പ്രതിബദ്ധതയില്ലാത്ത ബന്ധങ്ങളാണ് താൻ തേടുന്നതെന്ന് ഒരു ശബ്‌ദ സന്ദേശത്തിൽ അമൃത്‌പാൽ സിംഗ് പറയുന്നുണ്ട്. സ്ത്രീകൾ ബന്ധങ്ങളിൽ വളരെവേഗം ഗൗരവത്തോടെ പെരുമാറുന്നവരാണെന്നും വിവാഹബന്ധത്തെ ബാധിക്കാത്ത തരത്തിൽ താനുമായി ബന്ധം തുടരാൻ ഒരു സ്ത്രീയ്‌ക്ക് താൽപര്യമുണ്ടെന്നും ഇയാൾ ശബ്‌ദ സന്ദേശത്തിൽ പറയുന്നു.

ബന്ധത്തിന് സമ്മതിക്കാത്ത ചില സ്‌ത്രീകളെ ഇയാൾ അശ്ളീല വീഡിയോ കാണിച്ച് വിരട്ടുന്നുമുണ്ട്. കഴിഞ്ഞ നാല് ദിവസത്തോളമായി പഞ്ചാബ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ അമൃത്‌പാലിനുവേണ്ടി പൊലീസ് വലിയ തിരച്ചിലാണ് നടത്തുന്നത്. ഇയാൾ രാജ്യത്ത് നിന്നും പുറത്തുകടക്കാതിരിക്കാൻ കടുത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.