സിസോദിയ റിമാൻഡിൽ, സത്യേന്ദർ ജെയ്ന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

Thursday 23 March 2023 1:07 AM IST

ന്യൂഡൽഹി : മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഏപ്രിൽ അഞ്ച് വരെ ഡൽഹി റോസ് അവന്യു കോടതി റിമാൻഡ് ചെയ്‌തു. ഇ.ഡി അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ തുട‌ർന്നാണ് ജഡ്‌ജി എം.കെ. നാഗ്പാലിന്റെ നടപടി. സിസോദിയ ഏഴ് ദിവസം ഇ.ഡി കസ്റ്റഡിയിലായിരുന്നു. സി.ബി.ഐ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ മാർച്ച് 25ന് കോടതി പരിഗണിക്കും.

അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജെയ്ന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി. 2022 മേയ് മുതൽ ഇ.ഡി കേസിൽ ജയിലിലാണ് ഇദ്ദേഹം.