പ്രധാനമന്ത്രിക്കെതിരെ പോസ്‌റ്റർ പതിച്ചതിന് കേസ്

Thursday 23 March 2023 1:08 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പോസ്‌റ്ററുകൾ പതിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പ്രിന്റിംഗ് പ്രസ് ഉടമകൾ അടക്കം ആറു പേർ അറസ്‌റ്റിലായി. സംഭവത്തിൽ പൊലീസ് 36 കേസുകൾ രജിസ്റ്റർ ചെയ്‌‌തു. ആംആദ്‌മി പാർട്ടിയാണ് പോസ്റ്ററുകൾക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

'മോദി ഹഠാവോ, ദേശ് ബച്ചാവോ' (മോദിയെ നീക്കം ചെയ്യൂ, രാജ്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യമായിരുന്നു പോസ്റ്ററുകളിൽ. ഡൽഹിയുടെ പല ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം പോസ്റ്ററുകൾ പൊലീസ് നീക്കി. പൊതു ഇടങ്ങൾ വികൃതമാക്കിയതിനും പ്രിന്റിംഗ് പ്രസിന്റെ പേര് പോസ്റ്ററുകളിൽ പതിപ്പിക്കാത്തതിനുമാണ് കേസെടുത്തത്. 50,000 പോസ്റ്ററുകൾക്ക് ഒാർഡർ ലഭിച്ചെന്ന് അറസ്റ്റിലായ പ്രിന്റിംഗ് പ്രസ് ഉടമകൾ സമ്മതിച്ചു.

രണ്ടായിരത്തോളം പോസ്റ്ററുകളുമായി ഒരു വാഹനം പൊലീസ് പിടിച്ചെടുത്തു. ആംആദ്‌മി പാർട്ടി ഒാഫീസിലേക്കാണിവ കൊണ്ടുപോയതെന്നാണ് ഡ്രൈവറുടെ മൊഴി. അതേ സമയം, ആരോപണം മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും പോസ്റ്ററിൽ കണ്ട മുദ്രാവാക്യങ്ങളിൽ തെറ്റു പറയാനാകില്ലെന്നും പാർട്ടി പ്രതികരിച്ചു. പ്രധാനമന്ത്രിക്കെതിരെ ആം ആദ്മി പാർട്ടി ഇന്ന് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.