മൊബൈൽ കണക്‌‌ഷനിലൂടെ കൂട്ടിയിണക്കപ്പെട്ട രാജ്യം: പ്രധാനമന്ത്രി

Thursday 23 March 2023 1:10 AM IST

ന്യൂഡൽഹി: മൊബൈൽ കണക്‌‌ഷൻ വഴി ആളുകളെ കൂട്ടിയിണക്കുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും ടെലികോം സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യമായി ഇന്ത്യ മാറുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡൽഹി വിജ്ഞാൻ ഭവനിൽ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ (ഐ.ടി.യു) ഇന്ത്യയിലെ ഓഫീസ് ഉദ്ഘാടനവും ഭാരത് 6ജി മാർഗദർശകരേഖയുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിലെ അനാവശ്യ കുഴിയെടുക്കൽ നിയന്ത്രിക്കാനുള്ള ആപ്പും അദ്ദേഹം പ്രകാശനം ചെയ്‌തു.

വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകളുടെയും ഡാറ്റയുടെയും ലഭ്യതയാണ് നൂറു കോടിയിലധികം മൊബൈൽ കണക്ഷനുകൾ വഴി ജനതയെ കൂട്ടിയിണക്കാൻ ഇടയാക്കിയത്. ഇന്ത്യയ്‌ക്ക് ടെലികോം സാങ്കേതികവിദ്യ ‌ശാക്തീകരണത്തിനുള്ള ദൗത്യമാണ്. 2014ന് ശേഷം ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി 800 ദശലക്ഷത്തിലധികമായി ഉയർന്നു. ഇന്റർനെറ്റ് ഉപയോഗത്തിൽ ഗ്രാമങ്ങൾ നഗരങ്ങളെക്കാൾ മുന്നിലാണ്. 6ജി സാങ്കേതിക വിദ്യയ്‌ക്കുള്ള നയരേഖ ഇന്ത്യൻ ടെലികോം മേഖലയിൽ പുതിയ തുടക്കം കുറിക്കും. വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കും. ആഗോള വിഭജനം പരിഹരിക്കാൻ ഇതു പ്രയോനപ്പെടും. 4ജിക്ക് മുമ്പ് ഇന്ത്യ ടെലികോം മേഖലയിലെ ഉപഭോക്താവ് മാത്രമായിരുന്നുവെന്നും എന്നാൽ സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘കോൾ ബിഫോർ യൂ ഡിഗ്’

റോഡുകളിൽ വിവിധ ആവശ്യങ്ങൾക്കായി കുഴിയെടുക്കുന്നതിന് മുൻപ് റോഡ്, ടെലികോം, വെള്ളം, പാചകവാതകം, വൈദ്യുതി തുടങ്ങിയ ഏജൻസികളുമായി ആശയവിനിമയം നടത്താനുള്ള ആപ്പ്. ഏകോപനമില്ലാതെ കുഴിക്കലും ഖനനവും കാരണം, ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ പോലുള്ള നശിക്കുന്ന വകയിൽ പ്രതിവർഷം 3000 കോടിരൂപയുടെ നഷ്ടമുണ്ടാകുവെന്നാണ് കണക്ക്. ആപ്പ് വഴി ബന്ധപ്പെട്ട ഏജൻസികൾക്ക് എസ്എംഎസ്/ഇമെയിൽ അറിയിപ്പ് നൽകാനാകും.

Advertisement
Advertisement