വഖഫ് നിയമത്തിനെതിരെ നിലപാട് അറിയിക്കാൻ സാവകാശം തേടി
ന്യൂ ഡൽഹി : വഖഫ് നിയമത്തിനെതിരെ രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 120 ഹർജികൾ നിലവിലുണ്ടെന്നും, സംസ്ഥാന സർക്കാരുകളുടെ അടക്കം അഭിപ്രായം തേടിയ ശേഷമേ കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുകയുളളുവെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ അടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്. ഹർജികൾ സുപ്രീംകോടതിയിലേക്ക് വിടുന്നതിൽ നിലപാട് അറിയിക്കാൻ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന് നിർദ്ദേശം നൽകി. നിലപാട് അറിയിക്കാൻ കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ജൂലായ് 26ലേക്ക് കേസ് മാറ്റി.
വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നിയമമെന്നും മറ്റ് സമുദായങ്ങൾക്ക് അത്തരത്തിൽ നിയമമില്ലെന്നുമാണ് അശ്വിനി കുമാർ ഉപാധ്യായയുടെ പരാതി. ഇത് രാജ്യത്തിന്റെ മതേതരത്വത്തിനും ഐക്യത്തിനും എതിരാണ്. കേന്ദ്രസർക്കാർ മുസ്ലിം പളളികളിൽ നിന്ന് ഒരു തരത്തിലുളള പണവും ഈടാക്കുന്നില്ല. വഖഫ് ബോർഡ് അംഗങ്ങളായി മുസ്‌ലിം എം.പിമാരും എം.എൽ.എമാരും ഉദ്യോഗസ്ഥരുമുണ്ട്. അവരുടെ ചെലവ് സർക്കാർ ഖജനാവിൽ നിന്ന് വഹിക്കുന്നത് ഭരണഘടനയ്‌ക്ക് എതിരാണെന്നും ഹർജിയിൽ ആരോപിച്ചു.