കൊവിഡ്; ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി

Thursday 23 March 2023 1:14 AM IST

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും ജനങ്ങളെ ബോധവത്‌കരിച്ച് ജാഗ്രത പാലിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. കൊവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്നും രാജ്യത്തുടനീളം നിരീക്ഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. തിരക്കേറിയ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ അടക്കം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനും പ്രധാനമന്ത്രി ജനങ്ങളോ‌ട് ആഹ്വാനം ചെയ്‌തു. രാജ്യത്തെ കൊവിഡ്, ഇൻഫ്ലുവൻസ വ്യാപന സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജനിതക ശ്രേണീകരണം വർദ്ധിപ്പിക്കാനും പുതിയ വകഭേദങ്ങളെ നിരീക്ഷിച്ച് വ്യാപനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ആശുപത്രി പരിസരങ്ങളിൽ രോഗികളും ആരോഗ്യ വിദഗ്ധരും ആരോഗ്യപ്രവർത്തകരും തിരക്കേറിയ സ്ഥലങ്ങളിൽ മുതിർന്ന പൗരൻമാരും രോഗികളും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണം.

കൊവിഡ്, ഇൻഫ്ളുവൻസ വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ഏകോപനം നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നിർദ്ദേശം നൽകി.

ആവശ്യമായ മരുന്നുകളും കിടക്കകളും മറ്റ് സംവിധാനങ്ങളും ഉറപ്പാക്കണം.

ആശുപത്രികളും ലാബുകളും സജ്ജമെന്ന് ഉറപ്പാക്കാൻ മോക്ക് ഡ്രില്ലുകൾ പതിവായി നടത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര, നിതി ആയോഗ് അംഗം (ആരോഗ്യം)ഡോ. വി കെ പോൾ, കാബിനറ്റ് സെക്രട്ടറി

രാജീവ് ഗൗബ, കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement