താന്ത്രികചടങ്ങുകൾ ആരംഭിച്ചു,​ പദ്മനാഭസ്വാമി ക്ഷേത്ര കൊടിയേറ്റ് 27ന്

Thursday 23 March 2023 2:19 AM IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കൊടിയേറ്റിനുള്ള താന്ത്രിക ചടങ്ങുകൾ ആരംഭിച്ചു. 27ന് രാവിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറും. ഏപ്രിൽ 4നാണ് പള്ളിവേട്ട. 5ന് ശംഖുംമുഖത്ത് ആറാട്ടോടെ ഉത്സവം സമാപിക്കും. മണ്ണുനീർ കോരലിന് പിന്നാലെയാണ് തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പൂജകൾ ആരംഭിച്ചത്. 25 വരെ അടിയന്തരപൂജ, കലശം, ഹോമം. 23ന് ശുദ്ധിപഞ്ചകം, ധാര. 24ന് ചോരശാന്തി, ചത:ശുദ്ധി. 25ന് വൈകിട്ട് 365 സ്വർണകലശങ്ങളിൽ ജലം നിറച്ച് ബ്രഹ്മകലശപൂജ . 26ന് രാവിലെ 8.30ന് ബ്രഹ്മകലശാഭിഷേകം.തുടർന്ന് ക്ഷേത്രം സ്ഥാനിയുടെ സാന്നിദ്ധ്യത്തിൽ താന്ത്രിക ചടങ്ങുകൾ പൂർത്തീകരിക്കുന്ന തിരവോലക്കം. 27ന് രാവിലെ 8.40നാണ് കൊടിയേറ്റ്. ഏപ്രിൽ 3ന് രാത്രി ശീവേലിയിൽ വലിയകാണിക്ക. ഉത്സവദിവസങ്ങളിൽ രാത്രി 8.30ന് വിവിധ വാഹനങ്ങളിൽ ഉത്സവശീവേലി. കിഴക്കേനടയിലെ നാടകശാല മുഖപ്പിൽ ദിവസവും രാത്രി 10ന് കഥകളിയും തുലാഭാര മണ്ഡപത്തിൽ വൈകിട്ട് ക്ഷേത്രകലകളും അരങ്ങേറും.