പാംപ്ലാനി പിതാവിന്റെ 'റബർ വെട്ട് '

Thursday 23 March 2023 2:57 AM IST

പരിവാറുകാർ വീരശൂരപരാക്രമികളാണെങ്കിലും ബുദ്ധിമാന്മാരുടെ നാടായ കേരളത്തിൽ ഒരു എം.പിയോ എം.എൽ.എയോ ഇല്ലാത്തത് വലിയ കുറവ് തന്നെയാണ്. തോൽവികളേറ്റുവാങ്ങി ചന്തുവായെങ്കിലും വാചകമടിയിൽ ഡെക്കറേഷന് കുറവില്ല. വടക്കോട്ടുനോക്കി നെടുവീർപ്പിടുന്ന പരിവാറുകാർതന്നെ പാർട്ടിയുടെ പേരുമാറ്റി 'കെ.ജെ.പി" എന്നാക്കിയത് വരെയെത്തി കാര്യങ്ങൾ. ഇങ്ങനെ പോയാൽ കേരളീയ ജനതാപാർട്ടി ഉടനെങ്ങും ഭാരതീയമാകില്ലെന്ന് നേതാക്കൾ ഏതാണ്ട് ഉറപ്പിച്ചിരുന്നപ്പോഴാണ് ദൈവവചനം പോലെ, 'ഇങ്ങനെയൊക്കെ നടന്നാ മതിയോടാവ്വേ, പാർലമെന്റിലോട്ടൊക്കെ പോകണ്ടായോ" എന്ന് തലശ്ശേരിയിലെ പരിശുദ്ധ പിതാവ് ചോദിച്ചത്. കർണാടകംവരെ എത്തിനില്ക്കുന്ന കേന്ദ്രവികസനം ചെറിയൊരു ചാലുകീറിക്കൊടുത്താൽ കേരളത്തിലേക്കു കൂടി ഒഴുകും. മലയോരങ്ങളിൽ റബർകറ ഒഴുകും, ഏലം പൂവിടും.
അഞ്ചോ ആറോ പരിവാറുകാർ ലോക്‌സഭയിലെത്തി മന്ത്രിമാരായാൽ കേരളത്തിലേക്ക് ഡബിൾ സ്പീഡിൽ വികസനം വരുമെന്നു വിളിച്ചുപറഞ്ഞ പാംപ്ലാനി പിതാവിന്റെ ചങ്കൂറ്റത്തിനു മുന്നിൽ കുളിരണിഞ്ഞു നില്ക്കുകയാണ് കെ.ജെ.പി നേതാക്കൾ.
റബർ കിലോയ്ക്ക് 300 രൂപയാക്കിയാൽ സഭാമക്കളുടെ വോട്ട് മൊത്തമായി തന്നേക്കാമെന്നാണ് ബിഷപ്പിന്റെ വാഗ്ദാനം. അതങ്ങനെയാണ്. കച്ചവടമായാൽ വാങ്ങുന്നവനും വില്ക്കുന്നവനും എന്തെങ്കിലുമൊക്കെ തടയണം. എന്നാലേ ഇടപാട് വിശുദ്ധമാകൂ. ചിന്തൻബൈഠക്കുകളിൽ ചിന്തകന്മാർ ഒരുപാട് തല പുകച്ചിട്ടും ക്ലച്ചുപിടിക്കാത്ത പരിവാർ പാർട്ടിയെ അനക്കിയെടുക്കാമെന്നത് നിസാരകാര്യമല്ല. മലയോര കർഷകർ ചെറുതായൊന്നു തള്ളിയാൽ പോലും പാർലമെന്റിലേക്ക് പരിവാർ പാർട്ടി പറന്നുകയറും. അതോടെ റബർക്കാടുകളിൽ വസന്തകാലമാകും.
ഏതുകൃഷിയായാലും കാലാവസ്ഥയ്ക്കിണങ്ങും വിധം ചെയ്യണമെന്നും അതിൽ കൊതിക്കെറുവ് തോന്നിയിട്ട് കാര്യമില്ലെന്നുമാണ് കമ്മ്യൂണിസ്റ്റുകാരെയും കോൺഗ്രസുകാരെയും പിതാവ് ഓർമ്മിപ്പിച്ചത്.


റബർക്കാട്ടിൽ
വടക്കൻകാറ്റ്

ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സഭയും സംഘപരിവാറും തമ്മിലുള്ള ഊഷ്മളബന്ധം രഹസ്യമായി കേരളത്തിലുമുണ്ടെങ്കിലും പിതാവ് ഇത്ര ധൈര്യമായി പറയുമെന്നു പാലാക്കാരുടെ ജോസ്‌മോൻ പോലും കരുതിയില്ല. കുറച്ചുകൂടി നേരത്തേ പറഞ്ഞിരുന്നെങ്കിൽ കാര്യമുണ്ടായിരുന്നു. എന്നാലും പാംപ്ലാനി പ്ലാനിൽ പ്രതീക്ഷയ്ക്കു വകയുണ്ട്. സ്വപ്നങ്ങൾ ഒരുപാട് കണ്ടാണ് കമ്മ്യൂണിസ്റ്റുകാരുമായി കൂട്ടുകൂടിയതെങ്കിലും ജോസ്‌മോൻ ആകെ സങ്കടത്തിലാണ്. സ്വന്തം പാളയത്തിൽ ചില അടിയൊഴുക്കുകളുണ്ടെന്ന പുറത്തെ സംസാരവും നിസാരമല്ല. റബർ കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമായി,
പാർട്ടി ജയിച്ചപ്പോൾ ജോസ് മോൻ തോല്ക്കുകയായിരുന്നു. അതൊക്കെ ചിലരുടെ കളികളായിരുന്നെന്നാണ് രഹസ്യവിവരം. യു.ഡി.എഫുകാരുടെ പീഡനത്തിൽ മനംനൊന്തു കരഞ്ഞപ്പോൾ, ബി.ജെ.പിയിലോട്ടു പോയാലോ എന്ന് ആലോചിച്ചതാണ്. കാബിനറ്റ് മന്ത്രിവരെ ആകാമായിരുന്നു. അവർ പൊന്നുപോലെ നോക്കുകയും ചെയ്യുമെന്നുറപ്പ്.
നാട്ടിൽ തിരികെ വരുമ്പോൾ സ്വന്തം പാർട്ടി വേറെ ആരുടെയെങ്കിലും കൈയിലാകുമോയെന്നു പേടിച്ചാണ് അതു ചെയ്യാതിരുന്നത്. സംഘികളുമായി കൂട്ടുകൂടിയെന്നു പറഞ്ഞ് കേരള സംഘി കോൺഗ്രസ് എന്ന വിളിപ്പേരു വീഴാനും സാദ്ധ്യതയുണ്ടായിരുന്നു. പണ്ട് കോൺഗ്രസിന്റെ കൂടെ കൂടിയതിനാണ് സി.പി.ഐക്ക് വലത് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നു പേരുവീണത്. ലീഗും ജോസഫ് കോൺഗ്രസും ഏകാംഗ പാർട്ടികളും എന്തൊക്കെയോ നീക്കങ്ങൾ നടത്തുന്നതായാണ് ചാരന്മാർ നല്കുന്ന വിവരം. അങ്ങനെയാണെങ്കിൽ കളവും കളിയും മാറ്റാൻ സമയമായി. പക്ഷേ, കെ.ജെ.പിക്കാർക്ക് കബഡികളിയോടു മാത്രമാണ് താത്‌പര്യം.

അതേസമയം പള്ളിക്കാർ പരിവാറുകാരായി എന്ന പേരുദോഷം ഒഴിവാക്കാൻ, സ്വന്തമായൊരു പാർട്ടിയുണ്ടാക്കി ബി.ജെ.പിയുടെ ഘടകകക്ഷിയാകാൻ സഭാമക്കൾ നീക്കം തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. എന്തായാലും കാര്യങ്ങൾ കലങ്ങിമറിയുകയാണ്.

വാഴത്തോട്ടത്തിൽ
ചീരകൃഷി

വേറെ ചില ബിഷപ്പുമാരുടെയും പ്രമാണിമാരുടെയും മനസറിഞ്ഞിട്ടാണ് പാംപ്ലാനി പിതാവ് ഈ പ്രഖ്യാപനം നടത്തിയതെന്ന് കുഞ്ഞാടുകൾ തന്നെ പറഞ്ഞുതുടങ്ങി. മെലിഞ്ഞുണങ്ങിയ കേരളത്തെ നല്ല തണ്ടുംതടിയുമുള്ള കേന്ദ്രത്തിലേക്കു റബർചരടുകൊണ്ട് വലിച്ചുകെട്ടി നിറുത്തിയാൽ വീഴില്ലെന്നു മാത്രമല്ല, ഭാവിയിൽ ബലമുണ്ടാകുന്ന ഇടത്തേക്ക് ചാഞ്ചാടിയാടി ചെല്ലുകയും ചെയ്യാം. വലിച്ചുകെട്ടാനും അഴിച്ചുവിടാനും പറ്റിയ റബർകോൺഗ്രസ് നേതാക്കൾ സഭയിലുണ്ട്.
കേരളത്തിലെ സകല കൃഷികളും നഷ്ടത്തിലാണെന്ന് പിതാവ് പറയാതെതന്നെ എല്ലാവർക്കുമറിയുന്നതാണ് കുത്തിത്തിരിപ്പുകാരുടെ ആശങ്കയ്ക്കു കാരണം. തിരിച്ചറിവുകൾ കലശലായി പിതാവ്, സംഘികളുടെ പാളയത്തിലെത്തുമോയെന്ന പേടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുമുണ്ട്. ഒരുപാട് കാർഷികപരിപാടികളുണ്ടെങ്കിലും അതിനൊക്കെ കാശുചെലവ് വളരെ കൂടുതലാണ്. അത്തരമൊരു സാഹചര്യത്തിൽ വിദേശരാജ്യങ്ങളിലെ പാവപ്പെട്ട കർഷകർ അയച്ചുതന്നിരുന്ന ചെറിയ സംഭാവനകൾ ഉപയോഗിച്ച് മലകളിൽ നല്ലരീതിയിൽ കൃഷി ചെയ്തിരുന്നു. അങ്ങനെ തരിശുമലകൾ തളിർക്കുകയും പൂവിടുകയും ചെയ്തപ്പോഴാണ് പരിശുദ്ധമായ സകല ഇടപാടുകൾക്കും കേന്ദ്രത്തിന്റെ ലോക്ക് വീണത്. അതോടെ കൃഷി വൻനഷ്ടത്തിലായി. ഈ അവസ്ഥമാറ്റി, കർഷികമേഖലയിൽ അഭിവൃദ്ധിയുണ്ടാകാൻ നല്ല വളവും കാശും വേണം. കർഷകരുടെ കൂടി പാർട്ടിയായ ബി.ജെ.പി, കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്താൽ ഭേഷാകും- വാഴയ്ക്കു നനച്ചാൽ ചീരയും നനയും.
കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന തലശേരി പിതാവിന് ഇതൊക്കെ നന്നായി അറിയാം. പിതാവിനെയും കേരള കോൺഗ്രസിനെയും കുറ്റം പറയുന്ന സഖാക്കൾക്കും കോൺഗ്രസുകാർക്കും തങ്ങളുമായി പണ്ടുണ്ടായിരുന്ന കൂട്ടുകച്ചവട രഹസ്യങ്ങളാണ് പരിവാറുകാരുടെ പിടിവള്ളി. പരസ്യമായിട്ടല്ലെങ്കിലും ഇപ്പോഴും അതിനു കുറവില്ല. എല്ലാം എതിരാളികൾ തന്നെ വിളിച്ചുപറയുന്നതിനാൽ പരിവാറിന്റെ പണി കുറഞ്ഞു. കോൺഗ്രസും ലീഗും ബി.ജെ.പിയും ചേർന്ന 'കോലീബി" സഖ്യമുണ്ടെന്ന് 90കളിൽ തുടങ്ങിയ ആക്ഷേപം സഖാക്കൾ ഇപ്പോഴും തുടരുകയാണ്. അത്ര പുണ്യാളൻമാരാകേണ്ടെന്നും സഖാക്കളും പരിവാറുകാരും തമ്മിൽ എഴുപതുകൾ മുതൽ ഇങ്ങോട്ടുള്ള ഇരിപ്പുവശത്തെക്കുറിച്ച് വെറുതെ പറയിപ്പിക്കരുതെന്നുമാണ് കോൺഗ്രസുകാരുടെ മറുപടി. വി.പി.സിംഗ് മന്ത്രിസഭയ്ക്ക് ബി.ജെ.പിയും സി.പി.എമ്മും പിന്തുണ നല്കിയതും അതിനും മുമ്പ് കൂത്തുപറമ്പിൽ പിണറായി സഖാവിനു വേണ്ടി ജനസംഘം എന്ന പഴയ ബി.ജെ.പി വോട്ടുപിടിച്ചതുമൊക്കെ പാംപ്ലാനി പിതാവിന്റെ അനുഗ്രഹത്താൽ കത്തിക്കയറുകയാണ്.


കുതിക്കുന്ന പാർട്ടിക്ക്

പറക്കുന്ന കുതിര
ബി.ജെ.പി വളരെ നല്ലവരാണെന്ന ബോധോദയം ജമാഅത്തെ ഇസ്ലാമിക്കു പിന്നാലെ ലീഗിനും ഉണ്ടായെന്നാണ് റിപ്പോർട്ട്. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പരിവാർ നേതാക്കളും തമ്മിൽ അന്തർധാരകൾ സജീവമാണെന്ന രഹസ്യം ലീഗിൽ നിന്നു പുറത്തായ മുൻ സെക്രട്ടറി കെ.എസ്.ഹംസ വിളിച്ചുപറഞ്ഞിട്ടും ആരും ഞെട്ടിയില്ല. കുഞ്ഞാലിക്കുട്ടി സാഹിബ് സകലരുടെയും ചങ്ങാതിയാണെന്ന് എല്ലാവർക്കുമറിയാം. മുസ്ലിം ലീഗ് ചത്തകുതിരയാണെന്നു നെഹ്‌റു പറഞ്ഞെങ്കിൽ, പറക്കുംകുതിരയാണെന്ന് തിരുത്തിയ നേതാവാണ് സോണിയാജി. അങ്ങനെ ഇ. അഹമ്മദ് സാഹിബ് കേന്ദ്രമന്ത്രിയാകുകയും ചെയ്തു. പക്ഷേ, ഇപ്പോൾ കോണിപ്പാർട്ടി അല്പം ക്ഷീണത്തിലാണ്. പാർട്ടി ചിഹ്നമായ കോണി അറംപറ്റിയപോലെയായി. മുകളിലോട്ടു കയറാൻ മാത്രമുള്ളതാണ് കോണിയെന്ന പാർട്ടിക്കാരുടെ ധാരണ മാറി. കുറേ നാളായി റിവേഴ്‌സിലാണ്. പവറും നടവരവും കുറഞ്ഞതോടെ ബിരിയാണിച്ചെമ്പിൽ കോഴിക്കാലുകൾ ശുഷ്‌കമായി. ബിരിയാണി ജോറാകാത്തതിന്റെ വിഷമം എല്ലാ ലീഗുകാർക്കുമുണ്ട്. തമ്മിലടിയുടെ ഉസ്താദുമാരായ കോൺഗ്രസ് നേതാക്കൾക്ക് അടുത്തതവണയും അധികാരത്തിൽ വരണമെന്ന ചിന്തയില്ലാത്തതാണ് ലീഗിന്റെ സങ്കടം. ആ നിലയ്ക്ക് ഒന്നുകൂടി ഉഷാറായവരോട് അടുക്കുന്നതാണ് ബുദ്ധി. ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിച്ചാൽ പരിവാറുകാരാണ് നല്ലത്. കേരളത്തിൽ കമ്മ്യൂണിസ്റ്റുകാരുമായും അതിർത്തിവിട്ടാൽ പരിവാറുമായും കൂട്ടുകൂടാൻ ബുദ്ധിമുട്ടില്ല. കോൺഗ്രസും സഖാക്കളും അങ്ങനെയാണല്ലോ വാളയാർ വിട്ടാൽ ഭായിഭായി. ഓരോ സ്ഥലത്തും പവറുള്ളവരുമായി കൂട്ടുകൂടുന്ന പവാർജിയുടെ എൻ.സി.പിയാണ് മറ്റൊരു മാതൃക.
രാഷ്ട്രീയമൊരു സിനിമയാണെന്നു കരുതിയാൽ ആദർശത്തിന്റെ വൈക്ലബ്യങ്ങൾ മാറിക്കിട്ടും. ഒരു സിനിമയിൽ അച്ഛനായി വേഷമിടുന്നയാൾ അടുത്ത സിനിമയിൽ അളിയനായി വന്നേക്കാം!

Advertisement
Advertisement