സ്കൂൾ ബസിനെ തോൽപ്പിക്കും കഴുത്ത് !

Thursday 23 March 2023 6:30 AM IST

ബീജിംഗ് : 162 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്... ചൈനയിൽ സസ്യഭുക്കായ സോറോപോഡ് ഇനത്തിലെ ഒരു ഭീമൻ ദിനോസർ ജീവിച്ചിരുന്നു. അതിന്റെ കഴുത്തിന് മാത്രം ഒരു സ്കൂൾ ബസിനേക്കാൾ പത്തടി നീളം കൂടുതലായിരുന്നു. ലോകത്ത് തന്നെ ഏറ്റവും നീളമേറിയ കഴുത്തുള്ള ജീവിയായിരുന്നു അതെന്നാണ് ഇപ്പോൾ ഗവേഷകരുടെ കണ്ടെത്തൽ. 49.5 അടി ആണ് ' മാമൻചിസോറസ് സിനോകാനഡോറം " എന്നറിയപ്പെടുന്ന ഈ ദിനോസർ ഭീമന്റെ കഴുത്തിന്റെ നീളം.

1987ൽ വടക്ക് പടിഞ്ഞാറൻ ചൈനയിലെ ഷിൻജിയാംഗിൽ നിന്നാണ് ഇതിന്റെ ഫോസിൽ ആദ്യമായി കണ്ടെത്തിയത്. 1993ലാണ് ഈ ദിനോസറിനെ സംബന്ധിച്ച ശാസ്ത്രീയ വിശദീകരണം ഗവേഷകർ പുറത്തുവിട്ടത്. ചൈനീസ് - കനേഡിയൻ ഗവേഷകരുടെ സംയുക്ത സംഘമാണ് ഫോസിൽ കണ്ടെത്തിയത്.

മാമൻചിസോറസ് സിനോകാനഡോറത്തെ പറ്റിയുള്ള ഏറ്റവും പുതിയ ഒരു പഠന റിപ്പോർട്ട് അടുത്തിടെ ഒരു ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. മറ്റ് സോറോപോഡ് ദിനോസറുകളുമായി മാമൻചിസോറസ് സിനോകാനഡോറത്തെ കംപ്യൂട്ടറൈസ്ഡ് ടോപോഗ്രഫി സ്കാനിംഗിലൂടെ താരതമ്യപ്പെടുത്തുന്ന ഒരു റിപ്പോർട്ടാണിത്. ഇതിലൂടെയാണ് ഈ ദിനോസറിന്റെ കഴുത്തിന്റെ നീളം ഗവേഷകർ നിർണയിച്ചത്.

ഗവേഷകർ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളതിൽ ഏറ്റവും വലിയ കഴുത്ത് ഷിൻജിയാംഗ്‌ടൈറ്റൻ എന്ന ദിനോസറിന്റേതായിരുന്നു. 43.9 അടിയാണ് ഇതിന്റെ കഴുത്തിന്റെ നീളം. മാമൻചിസോറസ് സിനോകാനഡോറത്തിന്റെ കഴുത്ത് ഇതേക്കാൾ നീളമേറിയതാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മാമൻചിസോറസ് സിനോകാനഡോറം അടങ്ങുന്ന കുടുംബത്തിൽ തന്നെയുള്ള ഒരു ജീനസാണ് ഷിൻജിയാംഗ്‌ടൈറ്റൻ.

Advertisement
Advertisement