യുക്രെയിനിൽ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ആക്രമണം: 5 മരണം പോരാട്ടം രൂക്ഷമായ ബഖ്‌മുതിന് സമീപം സെലെൻസ്കി എത്തി
കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിൽ ജനവാസ മേഖലയിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിലും സെപൊറീഷ്യയിലുണ്ടായ മിസൈലാക്രമണത്തിലുമായി അഞ്ച് മരണം. കീവിൽ നാല് പേർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെയോടെയുണ്ടായ ആക്രമണത്തിനിടെ തീപിടിത്തവും ഉണ്ടായി.ഇറാൻ നിർമ്മിത ഷഹീദ് ഡ്രോണുകളാണ് റഷ്യ ഉപയോഗിച്ചതെന്നും 21 ഡ്രോണുകളിൽ 16 എണ്ണം വെടിവച്ച് വീഴ്ത്തിയെന്നും യുക്രെയിൻ സൈന്യം അറിയിച്ചു. റെജിഷ്‌ചിവ് പട്ടണത്തിൽ രണ്ട് ഹോസ്റ്റൽ സംവിധാനങ്ങളും ഒരു വിദ്യാഭ്യാസ സ്ഥാപനവും ഡ്രോൺ ആക്രമണത്തിൽ ഭാഗികമായി തകർന്നു. 20 ഓളം പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയ നാല് പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.റ ഷ്യ രാജ്യത്ത് വ്യാപക മിസൈൽ, ഷെൽ ആക്രമണം നടത്തിയെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. സെപൊറീഷ്യ ജനവാസ മേഖലയിലുണ്ടായ മിസൈലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 25ലേറെ പേർക്ക് പരിക്കേറ്റു. അതേ സമയം, ക്രൈമിയയിലെ സെവാസ്റ്റോപോൾ തുറമുഖത്തെ ലക്ഷ്യമാക്കിയെത്തിയ മൂന്ന് ഡ്രോണുകളെ തകർത്തെന്ന് റഷ്യൻ നേവി അറിയിച്ചു.
സെലെൻസ്കി ബഖ്‌മുതിനരികെ
കിഴക്കൻ യുക്രെയിനിൽ അതിരൂക്ഷ പോരാട്ടം തുടരുന്ന ബഖ്‌മുത് നഗരത്തിന് സമീപം വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികരെ സന്ദർശിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. രാജ്യത്തിനായി ധീര പോരാട്ടം നടത്തുന്ന സൈനികരെ അദ്ദേഹം മെഡലുകൾ നൽകി ആദരിച്ചു.