ഭൂചലനം : അഫ്ഗാനിലും പാകിസ്ഥാനിലുമായി 19 മരണം

Thursday 23 March 2023 6:34 AM IST

കറാച്ചി: ചൊവ്വാഴ്ച രാത്രി മദ്ധ്യേഷ്യ മുതൽ ന്യൂഡൽഹി വരെ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിൽ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 19 മരണം. 200ലേറെ പേർക്ക് പരിക്ക്. കാബൂളിൽ പ്രാദേശിക സമയം 9.17ന് റിക്ടർ സ്കെയിലിൽ 6.5 തീവ്രതയോടെ അനുഭവപ്പെട്ട ഭൂചലനം 30 സെക്കന്റിലേറെ നീണ്ടുനിന്നു. വടക്ക് കിഴക്കൻ അഫ്ഗാനിൽ ഹിന്ദുകുഷ് പർവതനിരകൾക്ക് സമീപം ജുറം പട്ടണത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൗമോപരിതലത്തിൽ നിന്ന് 187 കിലോമീറ്റർ ആഴത്തിലുണ്ടായചലനത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാത്രി മുഴുവൻ കടുത്ത ഭീതിയിലൂടെയാണ് കടന്നുപോയതെന്ന് അഫ്ഗാൻ,​ പാകിസ്ഥാൻ ജനത പറഞ്ഞു. ആയിരക്കണക്കിന് പേർ തുറസായ സ്ഥലങ്ങളിലാണ് കഴിഞ്ഞത്. മറ്റുള്ള അഫ്ഗാൻ പ്രദേശങ്ങളിൽ നിന്നായി ആകെ പത്ത് മരണം റിപ്പോർട്ട് ചെയ്തു. 70 പേർക്ക് പരിക്കേറ്റു. ഫോൺ, ഇന്റർനെറ്റ് ബന്ധത്തിലുണ്ടായ തകരാർ രാജ്യത്തിന്റെ വിദൂര മേഖലകളിലേക്കുള്ള ആശയവിനിമയ സംവിധാനം താറുമാറാക്കി. വിദൂര ഗ്രാമങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുന്ന സാഹചര്യത്തിൽ മരണ സംഖ്യ ഉയരാൻ ഇയാക്കിയേക്കുമെന്ന് ആശങ്കയുണ്ട്.

പാകിസ്ഥാനിൽ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ രണ്ട് കുട്ടികളും രണ്ട് സത്രീകളുമടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. 200ഓളം പേർക്ക് പരിക്കേറ്റു. ഇവിടെ സ്വാത് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 20 കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. ഉത്തരേന്ത്യയ്ക്ക് പുറമേ ചൈന, തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണിൽ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ 1,000ത്തിലേറെ പേർ കൊല്ലപ്പെട്ടിരുന്നു.