പുട്ടിന്റെ വിമർശകനായ ഗായകന് ദാരുണാന്ത്യം

Thursday 23 March 2023 6:40 AM IST

മോസ്കോ: പാട്ടുകളിലൂടെ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വിമർശിച്ചിരുന്ന റഷ്യൻ സംഗീതജ്ഞൻ ഡിമ നോവ( 35 )വോൾഗ നദിയിൽ വീണ് മരിച്ചു.19ന് സഹോദരനും മൂന്ന് സുഹൃത്തുക്കൾക്കുമൊപ്പം തണുത്തുറഞ്ഞ വോൾഗ നദി മുറിച്ചു കടക്കാൻ ശ്രമിക്കവെ മഞ്ഞ് പാളി തകർന്ന് വീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഡിമയ്ക്കൊപ്പം നദിയിൽ വീണ മൂന്ന് സുഹൃത്തുക്കളിൽ ഒരാളും മരിച്ചു.

ഡിമിട്രി സ്വിർഗനൊവ് എന്നാണ് റഷ്യയിലെ ജനപ്രിയ യുവ ഗായകരിൽ ഒരാളായ ഡിമയുടെ യഥാർത്ഥ പേര്. ക്രീം സോഡ എന്ന ജനപ്രിയ ഇലക്ട്രോണിക് ഗ്രൂപ്പിന്റെ സ്ഥാപകനാണ് ഡിമ. റഷ്യയിൽ അധിനിവേശ വിരുദ്ധ പ്രതിഷേധങ്ങളിൽ ഡിമയുടെ ഗാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഇക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയവും വിവാദവും സൃഷ്ടിച്ചതാണ് ' അക്വാ ഡിസ്കോ " എന്ന ഗാനം. യുക്രെയിനിലെ അധിനിവേശത്തിന് പുറമേ പുട്ടിന്റെ 1.3 ബില്യൺ വിലമതിക്കുന്ന മാളികയേയും ഡിമ ഗാനത്തിലൂടെ വിമർശിച്ചു. ' അക്വാ ഡിസ്കോ പാർട്ടീസ് " എന്നും ഈ പ്രതിഷേധങ്ങൾ അറിയപ്പെടാൻ തുടങ്ങി.