മാനനഷ്ടകേസ്; മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിയ്ക്ക് രണ്ടുവർഷം തടവ്,​ വിധി പറഞ്ഞത് സൂറത്ത് കോടതി

Thursday 23 March 2023 11:34 AM IST

ന്യൂഡൽഹി: മോദി എന്ന പേരിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് രണ്ടുവർഷം തടവ്. ഗുജറാത്തിലെ സൂറത്ത് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 2019ൽ കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയുള്ള മാനനഷ്ടകേസിലെ വിധിയാണ് ഇന്ന് വന്നത്. 'എന്തുകൊണ്ടാണ് എല്ലാ കള്ളന്മാർക്കും മോദിയെന്ന കുടുംബപ്പേര്' എന്ന് പറഞ്ഞതാണ് വിവാദമായത്. വിധി പറഞ്ഞതിന് പിന്നാലെ രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. അപ്പീൽ നൽകാൻ ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേയ്ക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.

2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. എന്തുകൊണ്ടാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്ന പേരുകള്‍ സാധാരണമായത്?എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നായത് എന്തുകൊണ്ടാകും' എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ ബിജെപി എം എല്‍ എയും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. രാഹുലിന്റെ പരാമർശം മോദി എന്ന് പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

കേസില്‍ വിശദമായി വാദം കേട്ടതിന് പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി ആവശ്യപ്പെട്ട പ്രകാരം വിധി കേള്‍ക്കാന്‍ രാഹുലും കോടതിയില്‍ ഹാജരായിരുന്നു. ഹെെക്കോടതി ഈ കേസിന്റെ നടപടിക്രമങ്ങൾ സ്റ്റേ ചെയ്തിരുന്നെങ്കിലും രണ്ടാഴ്ച മുൻപ് അത് നീക്കി. തുടർന്ന് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലെ അന്തിമവാദത്തിന് ശേഷം ഇന്ന് വിധി പറയാൻ മാറ്റുകയായിരുന്നു.