എയർപോഡിലും പാത്രത്തിനുള്ളിൽ ഘടിപ്പിച്ച രീതിയിലും സ്വർണം കടത്താൻ ശ്രമം; ഒരു കോടി 30 ലക്ഷത്തിന്റെ സ്വർണം പിടികൂടി

Thursday 23 March 2023 5:46 PM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വർണവുമായി മൂന്ന് പേർ പിടിയിൽ. മൂന്ന് പേരിൽ നിന്നായാണ് ഒരു കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.

കാളികാവ് സ്വദേശി നൂറുദ്ദീൻ, കാസർഗോഡ് സ്വദേശി അബ്‌ദുൾ സലാം, പുതുപ്പാടി സ്വദേശി ഹുസെെൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് നൂറുദ്ദീനിൽ നിന്ന് പിടിച്ചെടുത്തത്. എയർപോഡിനുള്ളിലും ബെൽറ്റിനുള്ളിലും പാത്രത്തിനുള്ളിൽ ഘടിപ്പിച്ച രൂപത്തിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 28ഗ്രാം തൂക്കം വരുന്ന ചെറിയ പാക്കറ്റുകളിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് ഹുസെെനിൽ നിന്ന് പിടികൂടിയത്. 20,000മുതൽ 70,000 രൂപ വരെ പ്രതിഫലത്തിനാണ് ഇവർ സ്വർണം കടത്തിയതെന്നാണ് റിപ്പോർട്ട്.