ഐസിയുവിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം; അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച മെഡി. കോളേജ് ജീവനക്കാർക്കെതിര കേസ്

Thursday 23 March 2023 6:48 PM IST

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയുവിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചവർക്കെതിരെ പൊലീസ് നടപടി. ആശുപത്രി ജീവനക്കാരായ അഞ്ച് സ്ത്രീൾക്കെതിരെ സാക്ഷികളെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇവർ ഔദ്യോഗിക വേഷത്തിലെത്തി മൊഴി തിരുത്താൻ ആവശ്യപ്പെട്ടതായാണ് പരാതി. കുറ്റാരോപിതർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.

ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ ജീവനക്കാരനായ ശശീന്ദ്രൻ പീഡനത്തിനിരയാക്കുകയായിരുന്നു. ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രതിയ്ക്കെതിരായ മൊഴിയിൽ മാറ്റം വരുത്താനാണ് ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടത്. അതിജീവിത ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ജീവനക്കാരെത്തി സ്വാധീനിക്കാൻ ശ്രമിച്ചതായും പണം വാഗ്ദാനം ചെയ്തതതായും ഭർത്താവ് കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർ എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ ജീവനക്കാർക്കെതിരെ ഉടൻ തന്നെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വിഷയത്തിൽ പരാതി ലഭിച്ചതായും റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.