യോഗി പീഡനവീരൻ,​ പുൽവാമ ഭീകരാക്രമണത്തിലെ ഉത്തരവാദി ഈ നേതാവ്,​ ​തുറന്നുപറഞ്ഞ പോപ് ഗായികയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

Thursday 20 June 2019 8:48 PM IST

വാരാണസി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനേയും സോഷ്യൽ മീഡിയയിൽ വിമർശിച്ച പോപ് ഗായികയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. പ്രശസ്ത റാപ് ഗായിക ഹാർഡ് കൗറിനെതിരെയാണ് പൊലീസ് കേസെടുത്തത്. യോഗി ആദിത്യനാഥിനെ ബലാത്സംഗവീരൻ എന്നാണ് ഹാർഡ് കൗർ വിളിച്ചത്.

അഭിഭാഷകനും ആർ.എസ്.എസ് പ്രവർത്തകനുമായ വാരാണസി സ്വദേശി ശശാങ്ക് ശേഖറിന്റെ പരാതിയെ തുടർന്നാണ് നടപടിയെടുത്തത്. ഐ.പി.സി സെക്ഷൻ 124(എ), 153, 500, 505, ഐ.ടി ആക്ട് 66 എന്നീ വകുപ്പുകൾ ചേർത്താണ് താരത്തിനെതിരെ കേസെടുത്തത്. ‘യു.പി മുഖ്യമന്ത്രി സൂപ്പർ ഹീറോ ആണെങ്കിൽ ബലാത്സംഗക്കാരനായ യോഗി എന്നാണ് ഞാൻ വിളിക്കുക. നിങ്ങളുടെ അമ്മമാരും സഹോദരിമാരും ബലാത്സംഗം ചെയ്യപ്പെടുമ്പോൾ നിങ്ങൾ ഇദ്ദേഹത്തെ വിളിക്കുന്നു. എന്നാൽ ഞാൻ ഇദ്ദേഹത്തെ ഓറഞ്ച് ബലാത്സംഗക്കാരൻ എന്നാണ് വിളിക്കുക’ എന്നായിരുന്നു കൗറിന്റെ പരിഹാസത്തോടെയുള്ള ട്വീറ്റ്.

ട്വീറ്റ് തുടർന്ന് വിവാദമായിരുന്നു. മാത്രമല്ല ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദിയാണെന്നും കൗർ ആരോപിച്ചിരുന്നു. ഗോഡ്സെ മഹാത്മാഗാന്ധിയെ വധിച്ചതിനെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആർ.എസ്.എസ് എന്നും നിങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാന്‍ അനുമതിയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് ഹാർഡ് കൗറിനെതിരെ ശാശാങ്ക് ശേഖർ പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണം ക്രെെം ബ്രാഞ്ചിന് കെെമാറും.