മോഹൻലാൽ സംവിധായകൻ,​ പ്രണവ് നടൻ,​ ബറോസ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ പുറത്ത്

Thursday 23 March 2023 10:22 PM IST

പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് ബറോസ്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നു എന്നത് തന്നെയായിരുന്നു ബറോസിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം 170 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയിരുന്നു മോഹൻലാൽ സംവിധാനം ചെയ്യുന്നത് കൊണ്ടുതന്നെ ബറോസിൽ പ്രണവ് മോഹൻലാലും അഭിനയിക്കുന്നുണ്ടോ എന്നത് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് സംബന്ധിച്ച സൂചനകൾ ഒന്നും പുറത്തുവന്നിരുന്നില്ല.

ഇപ്പോഴിതാ ബറോസ് സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പടവുകളിറങ്ങി വരുന്ന പ്രണവിന് ചിത്രീകരിക്കുന്ന രംഗം വിശദീകരിക്കുന്ന മോഹൻലാൽ ആണ് വീഡിയോയിൽ ഉള്ളത്. ടി,​കെ. രാജീവ് കുമാർ,​ സ്റ്റിൽ ഫോട്ടോഗ്രാഫർ അനീഷ് ഉപാസന എന്നിവരെയും വീഡിയോയിൽ കാണാം.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് പ്രമേയം.