വിലയുടെ 'എരിവി'ൽ വറ്റൽ മുളക്
മുളകുപൊടി വിലയിലും കുതിച്ചുകയറ്റം
ആലപ്പുഴ: അടുക്കളയിൽ നിന്നൊരിക്കലും അകറ്റി നിറുത്താനാവാത്ത വറ്റൽ മുളകിന്റെ വില താങ്ങാവുന്നതിനും അപ്പുറമെത്തിയത് ആഘാതമായി. കിലോയ്ക്ക് വില 500 കടന്നു! ഒരു കിലോ കാശ്മീരി മുളകിന്റെ ഹോൾസെയിൽ വില 570 രൂപയാണ്. ഡിമാൻഡ് ഏറ്റവും കൂടുന്ന ചിങ്ങത്തിൽ പോലും പരമാവധി വില 430 വരെ മാത്രമാണ് എത്തിയത്. പിന്നീട് 380ലേക്ക് താഴ്ന്നെങ്കിലും 15 ദിവസത്തിനിടെ വില കുതിച്ചു കയറുകയായിരുന്നെന്ന് വ്യാപാരികൾ പറയുന്നു.
ഒരു കിലോ മുളക് വാങ്ങി പൊടിച്ചെടുക്കണമെങ്കിൽ 700 രൂപയോളം ചെലവ് വരും. കേരളത്തിലേക്ക് മുളക് കൂടുതലായെത്തുന്നത് ആന്ധ്രയിൽ നിന്നാണ്. കഴിഞ്ഞ സീസണിൽ ഉത്പാദിപ്പിച്ച മുളകിന്റെ സ്റ്റോക്ക് കുറഞ്ഞതാവാം വിലക്കയറ്റത്തിന് കാരണമെന്നാണ് കേരളത്തിലെ വ്യാപാരികൾ അനുമാനിക്കുന്നത്. മുളകിന്റെ കയറ്റുമതി ഉയർന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ബ്രാൻഡഡ് മുളകുപൊടിയുടെ വിലയിലും വലിയ വർദ്ധനവുണ്ട്.
സപ്ലൈകോയിൽ മുളകെത്തുന്നതും കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ. എത്തുന്ന സ്റ്റോക്ക് ഞൊടിയിടയിലാണ് കാലിയാകുന്നത്. സബ്സിഡി നിരക്കിൽ അരക്കിലോ മുളക് 75 രൂപയ്ക്ക് സപ്ലൈകോയിൽ ലഭിക്കും. സബ്സിഡി ഇല്ലാതെ വാങ്ങിയാൽ പോലും പൊതുവിപണിയിലെ വിലയുടെ പകുതി പോലും നൽകേണ്ടി വരില്ല.
വെയിലിനെയും പൊള്ളിക്കുന്ന വില!
മുളക് ഉണക്കി പൊടിച്ചെടുക്കാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണിപ്പോൾ. കനത്ത വെയിലിൽ മുളക് വേഗം ഉണങ്ങിക്കിട്ടു. പക്ഷേ നിലവിലെ വിലയുടെ 'ചൂടി'ൽ ഒരു കിലോ പോലും ഉണക്കാനാവാത്ത അവസ്ഥയാണ്. അടുക്കളത്തോട്ടങ്ങൾ വ്യാപകമായതിനാൽ സാധിക്കുന്ന വിഭവങ്ങളിലെല്ലാം പച്ചമുളകിനെ വറ്റൽ മുളകിന് പകരക്കാരനാക്കുകയാണ് വീട്ടമ്മമാർ.
ഹോൾസെയിൽ വിലനിലവാരം (കിലോയ്ക്ക്)
വറ്റൽ മുളക്: 490 രൂപ
കാശ്മീരി മുളക്: 570 രൂപ
സപ്ലൈകോ സബ്സിഡി വില (അരക്കിലോ): 75 രൂപ
പൊതു വിപണിയിലെ വിലക്കയറ്റം മൂലം മുളക് തേടി ധാരാളം പേരാണ് നിത്യേന എത്തുന്നത്. വളരെ പെട്ടന്നാണ് മുളക് വിറ്റുതീരുന്നത്. മുളകിന് മാത്രമല്ല, സബ്സിഡി ഇനങ്ങളുടെയെല്ലാം സ്ഥിതി സമാനമാണ്
സപ്ലൈകോ ജീവനക്കാർ, ആലപ്പുഴ ഡിപ്പോ