പള്ളിയുമായുള്ള തർക്കം പരിഹരിച്ചു വരുന്നു: ആർ.നാസർ

Friday 24 March 2023 12:56 AM IST

ആലപ്പുഴ : ചേർത്തല പള്ളിപ്പുറത്ത് പള്ളിയുമായുണ്ടായ തർക്കം പാർട്ടി ഇടപെട്ട് ചർച്ച ചെയ്തു പരിഹരിച്ചു വരികയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. വരുംദിവസങ്ങളിൽ പ്രശ്‌നം പൂർണമായും പരിഹരിക്കും. സി.പി.എമ്മിന്റെ കൊടിമരം നിലനിർത്തി പള്ളിക്കാർക്ക് കെട്ടിടം പണിയുന്നതിന് ഒരു തടസവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമി അളന്നതുമായി ബന്ധപ്പെട്ടാണ് പള്ളിവികാരി പരാതി നൽകിയത്. ഡി.വൈ.എഫ്.ഐ നേതാവിന്റെ പേര് പരാതിയിലുണ്ടായിരുന്നില്ല. വസ്തുതർക്കം പരിഹരിക്കാൻ കൈക്കൂലി ചോദിച്ചതായും പരാതി ലഭിച്ചിട്ടില്ല. ആരോപണമുയരുന്ന സാഹചര്യത്തിൽ വസ്തുതയുണ്ടോയെന്ന് അന്വേഷിക്കും. യുവനേതാവ് പള്ളി വികാരിക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തതായി അറിയില്ല. അപകീർത്തികരമായ രീതിയിൽ വാർത്ത കൊടുത്ത ചാനലിനെതിരെയാണ് മാനനഷ്ടക്കേസ് കൊടുത്തത്. പാർട്ടി അനുമതിയില്ലാതെയാണിതെന്നും നാസർ പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റികളിലെ വിവാദവുമായി ബന്ധപ്പെട്ട കമ്മിഷൻ റിപ്പോർട്ട് ലഭിച്ചാലുടൻ ചർച്ച ചെയ്ത് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. ചെങ്ങന്നൂരിലെ നേതാവിന് എസ്.ഡി.പി.ഐ ബന്ധമുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. അദ്ദേഹത്തിന്റെ സ്വന്തക്കാർ രണ്ടുപേരാണ് എസ്.ഡി.പി.ഐയിലുള്ളത്. കൂടുതൽ അന്വേഷണം ഏരിയാ കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുകയാണ്. അവിടെത്തന്നെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. ഇ് നടന്നില്ലെങ്കിൽ ജില്ലാ നേതൃത്വം ഇടപെട്ട് പപരിഹരിക്കുമെന്നും ആർ.നാസർ മാദ്ധ്യമങ്ങളോട് പറഞ്ഞു.