തിരു. വിമാനത്താവളത്തിൽ നിന്നുള്ള വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

Friday 24 March 2023 8:05 AM IST

ശംഖുംമുഖം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മാർച്ച് 26 മുതൽ ഒക്ടോബർ 28 വരെയുള്ള വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. പ്രതിവാര വിമാന സർവീസുകൾ നിലവിലുള്ള ശൈത്യകാല ഷെഡ്യൂളിനെക്കാൾ 25 ശതമാനമാണ് വർദ്ധിക്കുക. നിലവിലുള്ള 469 പ്രതിവാര ഓപ്പറേഷനുകൾ 582 ആയി ഉയരും. ഒമ്പത് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള അധിക സർവീസുകളും വേനൽക്കാല സർവീസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര

സർവീസുകൾ

പ്രതിവാര എയർ ട്രാഫിക് മൂവ്മെന്റ് (എ.ടി.എം) 224 ഫ്ലൈറ്റുകളിൽ നിന്ന് 15 ശതമാനം വർദ്ധിച്ച് 258 ആയി ഉയരും. ഒമാൻ എയർ മസ്‌കറ്റിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. എയർ അറേബ്യ അബുദാബിയിലേക്ക് ആഴ്ചയിൽ അഞ്ച് അധിക സർവീസുകൾ ആരംഭിക്കും. എയർ ഇന്ത്യ എക്‌സ്‌പ്രസും ശ്രീലങ്കൻ എയർലൈനും ദുബായിലേക്കും കൊളംബോയിലേക്കും പ്രതിവാരം രണ്ട് അധിക സർവീസുകൾ ആരംഭിക്കും. എയർ ഇന്ത്യ എക്‌സ്‌പ്രസ് അബുദാബിയിലേക്കും മസ്‌കറ്റിലേക്കും, കുവൈറ്റ് എയർവേയ്‌സ് കുവൈത്തിലേക്കും മാലിദ്വീപിൽ നിന്ന് മാലിയിലേക്കും ആഴ്‌ചയിൽ ഒരു അധിക സർവീസ് ആരംഭിക്കും. മാൽദീവീയൻ എയ‌ർലെെൻസ് മലേയിലേക്കും സർവീസ് തുടങ്ങും. ഷാർജ-56, അബുദാബി-40, മസ്‌കറ്റ്-40, ദുബായ്-28, ദോഹ-22, ബഹ്‌റൈൻ -18, സിംഗപ്പൂർ-14, കൊളംബോ-12, കുവൈത്ത്-10, മാലെ-8, ദമ്മാം-6, ഹനീമധൂ-4.

ആഭ്യന്തര

സർവീസുകൾ

245 നിന്ന് 34 ശതമാനം വർദ്ധിച്ച് 324 ആയി ഉയരും. ഇൻഡിഗോ ഹൈദരാബാദിലേക്ക് രണ്ടാം പ്രതിദിന സർവീസ് ആരംഭിക്കും. എയർഇന്ത്യയും വിസ്‌താരയും മുംബയിലേക്ക് ഒരു പ്രതിദിന സർവീസ് കൂടി തുടങ്ങും. ഇൻഡിഗോ ബംഗളൂരു വഴി പാറ്റ്നയിലേക്കും പൂനെ വഴി നാഗ്പൂരിലേക്കും സർവീസുകൾ തുടങ്ങും. മുംബയ്-70, ബംഗളൂരു-58, ഡൽഹി-56, ഹൈദരാബാദ്-28, ചെന്നൈ-28, കണ്ണൂർ-14, കൊച്ചി-14, മുംബയ്-അഹമ്മദാബാദ്-14, ചെന്നൈ-കൊൽക്കത്ത-14, പൂനെ-നാഗ്പൂർ-14, ബംഗളൂരു-പാറ്റ്ന-14.