ബ്രഹ്മപുരം കരാർ വിദേശ ചർച്ചയ്‌ക്ക് ശേഷം: കെ. സുരേന്ദ്രൻ

Friday 24 March 2023 12:17 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ബ്രഹ്മപുരം കരാർ സോൺട കമ്പനിക്ക് നൽകിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. വിദേശത്തുവച്ച് സോൺട കമ്പനിപ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തി. കോൺഗ്രസ് നേതാക്കൾക്കും ഇതിൽ പങ്കുണ്ട്. ബയോ മൈനിംഗിനാണ് കരാർ നൽകിയത്. എന്നാൽ ഇതേ കമ്പനിക്ക് വേസ്റ്റ് എനർജി പ്രൊജക്ട് കൈമാറിയതെന്തിനെന്ന ചോദ്യത്തിന് സർക്കാരിന് ഉത്തരമില്ല. 54 കോടിക്കാണ് കരാർ നൽകിയത്. പിന്നീടത് 22 കോടിക്ക് മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. 32 കോടിയുടെ അഴിമതി നടന്നിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ ദുരൂഹതയുണ്ട്. തീ അണയ്ക്കാൻ എൻ.ഡി.ആർ.എഫിനെ വിളിക്കാതിരുന്നതും കേന്ദ്ര ആരോഗ്യമന്ത്രി വിദഗ്‌ദ്ധസംഘത്തെ അയയ്ക്കാമെന്ന് പറഞ്ഞതിന് മറുപടി നൽകാത്തതിനും പിന്നിൽ അഴിമതി പുറത്തറിയാതിരിക്കാനുള്ള വെപ്രാളമായിരുന്നു. ബ്രഹ്മപുരം ദേശീയ ശ്രദ്ധ ലഭിച്ചാൽ അഴിമതി രാജ്യം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഭയന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.