അഴിമതിക്കുള്ള പുതിയ വഴി
കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചുള്ള നിർമ്മിതികളും കൂട്ടിച്ചേർക്കലുകളും കണ്ടെത്താൻ വീടുവീടാന്തരം കയറിയുള്ള പരിശോധന ഉടൻ തുടങ്ങുമെന്ന തദ്ദേശ വകുപ്പിന്റെ ഉത്തരവ് ജനത്തെയാകെ വെറുപ്പിക്കാനും അഴിമതിക്കുള്ള പുതുവഴി തുറക്കാനുമുള്ള ഇടപെടലായേ വിലയിരുത്താനാവൂ. നിലവിലുള്ള വീടുകളിൽ ചെറിയ മാറ്റങ്ങൾ വരുന്നത് തികച്ചും സ്വാഭാവികമാണ്. കുടുംബാംഗങ്ങളുടെ എണ്ണം കൂടുമ്പോഴും വാഹനങ്ങൾ സൂക്ഷിക്കാനും മറ്റുമുള്ള സൗകര്യങ്ങൾക്ക് വേണ്ടിയും മറ്റുമാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തുന്നത്. വാണിജ്യ താത്‌പര്യങ്ങൾക്ക് വേണ്ടി ആരും വീട്ടിൽ മാറ്റം വരുത്താറില്ല. ഇങ്ങനെ നടത്തുന്ന ചെറിയ മാറ്റങ്ങളെല്ലാം മേയ് 15ന് മുമ്പ് കെട്ടിടഉടമ സ്വമേധയാ തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്ന നിർദ്ദേശവും പ്രായോഗികമല്ല.
രാഷ്ട്രീയ സ്വാധീനമുള്ളവർക്കും പരിശോധനയ്ക്ക് എത്തുന്നവർക്ക് പണം കൊടുക്കാൻ തയ്യാറാകുന്നവർക്കും നിഷ്‌പ്രയാസം ഇതിൽനിന്ന് ഉൗരിപ്പോകാൻ കഴിയുമെന്നതാണ് ഇതുവരെയുള്ള അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. യാതൊരു നിർമ്മിതി ലംഘനവും നടത്താത്തവർ പോലും കെട്ടിടത്തിന്റെ വിസ്‌തൃതി പരിശോധിക്കാൻ വരുന്നവർക്ക് ചട്ടപ്പടിയുള്ള പണം കൊടുക്കുമെന്നത് പരസ്യമായ രഹസ്യമാണ്. സ്വാധീനമുള്ള വൻ വ്യവസായികൾ നിർമ്മിക്കുന്ന വാണിജ്യസ്ഥാപനങ്ങളും ഹോട്ടലുകളും മറ്റും എത്ര ലംഘനങ്ങൾ നടത്തിയാലും ആരും തൊടാൻ തയ്യാറാകില്ല. നിർമ്മിതിയിൽ വ്യത്യാസം വരുത്താത്ത ഒരൊറ്റ പാർട്ടി ഓഫീസുപോലും സംസ്ഥാനത്തുണ്ടാകില്ല. ആദ്യം അതെല്ലാം ശരിയാക്കിയിട്ട് പോരെ നാട്ടുകാരുടെ കള്ളത്തരം പിടിക്കാൻ ഇറങ്ങുന്നത്. സർക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടി നല്‌കാൻ ഈ ഒരൊറ്റ തീരുമാനം വഴിവയ്ക്കുമെന്നതിൽ സംശയമില്ല. പണമില്ലെങ്കിൽ അതുണ്ടാക്കാൻ പുതിയ മാർഗങ്ങൾ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്. പാർക്കിംഗ് സൗകര്യങ്ങൾ വേണ്ടരീതിയിൽ പ്രദാനം ചെയ്താൽ തന്നെ കോർപ്പറേഷനുകൾക്ക് ഫീസിനത്തിൽ ലക്ഷങ്ങൾ പിരിക്കാം. മാലിന്യം നല്ലരീതിയിൽ സംസ്കരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാലും പണമുണ്ടാക്കാം.
ജനങ്ങൾക്ക് സേവനങ്ങൾ നല്‌കി പണം പിരിച്ചാൽ ആരും കുറ്റം പറയില്ല. എന്നാൽ ഇത്തരം ഉത്തരവിന്റെ പിൻബലത്തിൽ വീടുവീടാന്തരം പരിശോധന നടത്തി എല്ലാവരെയും നിയമക്കുരുക്കിൽ വീഴ്‌ത്താനുള്ള ശ്രമം ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. ഇപ്പോൾ തന്നെ പിഴകളുടെ കാര്യത്തിൽ 'ഫൈൻ" സ്റ്റേറ്റാണ് കേരളം. ഇതിനൊപ്പം കെട്ടിട പിഴ കൂടിയാകുമ്പോൾ സംഗതി ഭംഗിയാകും. ഉദ്യോഗസ്ഥരിൽ അഴിമതിയെന്ന രോഗം നിലനില്‌ക്കുന്നിടത്തോളം ഇത്തരം ഉത്തരവുകൾ സാധാരണക്കാരന്റെ കഴുത്തു മുറുക്കാനേ ഉപകരിക്കൂ. ഈ ഉത്തരവിന്റെ വലയിൽ കുടുങ്ങുന്നത് പരൽമീനുകളായിരിക്കും. സ്രാവുകൾ വലപൊട്ടിച്ച് നീന്തി രക്ഷപ്പെടുകയും ചെയ്യും. ഈ പിഴയിലൂടെ സർക്കാരിന് ലഭിക്കുന്ന വരുമാനത്തിന്റെ പത്തിരട്ടിയാവും പരിശോധനക്കാർക്ക് കിമ്പളമായി ലഭിക്കുക. അതിനാൽ സർക്കാർ രണ്ടുവട്ടം ആലോചിച്ച് വേണം അഴിമതിക്കുള്ള പുതിയ വഴി തുറന്നിടാൻ.