അദ്ധ്യാപികയുടെ കൊലപാതകം: ഭർത്താവ് തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന

Friday 24 March 2023 12:37 AM IST

കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടത്ത് അദ്ധ്യാപികയായ യുവതിയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ ഒളിവിൽപോയ കരുതുന്ന ഭർത്താവ് സംസ്ഥാനം വിട്ടതായി സൂചന. ചൊവ്വാഴ്ച്ച വൈകിട്ടാണ് പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോൾ27)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച മൃതദേഹം കണ്ടെത്തുന്നതിന് തൊട്ടുമുമ്പാണ് ഭർത്താവ് ബിജേഷിനെയും കാണാതായത്. അനുമോളുടെ മരണം തലക്കേറ്റ ക്ഷതത്തെ തുടർന്നുണ്ടായ രക്ത സ്രാവം കാരണമാണെന്നാണ് പോസ്റ്റ് മോർട്ടത്തിലെ സൂചന. ബിജേഷിന്റെ മൊബൈൽ ഫോൺ കുമളിയിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഡ്രൈവർ ജോലി ചെയ്യുന്ന ഇയാൾക്ക് തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ പരിചയമുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ സഹായത്തോടെ ഒളിവിൽ കഴിയാനുള്ള സാദ്ധ്യതയാണ് പൊലീസ് തിരയുന്നത്. അതേസമയം സംസ്ഥാനത്ത് തന്നെ ഒളിവിൽ കഴിയാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. അനുമോളുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൊല നടത്താനുള്ള കാരണവും കൊലപാതകം നടത്തിയ രീതിയും സംബന്ധിച്ച് വ്യക്ത ലഭിക്കണമെങ്കിൽ ബിജേഷേിനെ കസ്റ്റഡിയിലെടുക്കണം. കുറച്ചു കാലമായി ബിജേഷിന്റെയും വത്സമ്മയുടെയും ജീവിതം സുഖകരമായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. ഒളിവിൽ പോകുന്നതിന് മുമ്പ് അഞ്ചു വയസുള്ള മകളെ വിജേഷ് വെങ്ങാലൂർ കടയിലുള്ള തറവാട്ടിലേയ്ക്ക് കൊണ്ടുപോയിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.