റബറിന് താങ്ങുവില പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

Friday 24 March 2023 4:40 AM IST

ന്യൂഡൽഹി: കാർഷിക വിളയല്ലാത്തതിനാൽ റബറിന് താങ്ങുവില പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. താങ്ങുവില പ്രഖ്യാപിക്കുന്ന 25 കാർഷിക വിളകളിൽ റബർ ഉൾപ്പെട്ടിട്ടില്ല. താങ്ങുവില നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾ റബറിന് ബാധകമല്ല. റബർ കർഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് എം.പിമാർ കഴിഞ്ഞ മാസം നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസർക്കാർ നയത്തിൽ മാറ്റങ്ങൾ പ്രതീക്ഷിച്ച കർഷക സമൂഹത്തോടുള്ള വെല്ലുവിളിയാണ് മറുപടിയെന്ന് സി.പി.എം നേതാവ് എളമരം കരീം എം.പി പറഞ്ഞു.