ഇ.ഡി തുടരെ കേസെടുക്കുന്നു: എം. ശിവശങ്കർ

Friday 24 March 2023 12:48 AM IST

കൊച്ചി: ഒരേ വസ്തുതകളെ അടിസ്ഥാനമാക്കി ഇ.ഡി തനിക്കെതിരെ തുടരെ കേസെടുക്കുകയാണെന്നും ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിലെ ജാമ്യത്തിനായി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ശിവശങ്കറിന്റെ വാദം. സ്വർണക്കടത്തു കേസിലെ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കേസുൾപ്പെടെ രജിസ്റ്റർ ചെയ്തിട്ടുള്ളതെ്. ഒരേ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പല കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ശിവശങ്കറിനായി ഹാജരായ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത വ്യക്തമാക്കി. മറുപടി വാദത്തിന് ഇ.ഡിക്കു വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും ഇതിനായി സമയം വേണമെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ഹർജി 27ലേക്ക് മാറ്റി.