ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

Friday 24 March 2023 12:56 AM IST

തിരുവനന്തപുരം: സമീപകാലത്തുണ്ടായ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന തരത്തിൽ പ്രചാരണം നടത്തുകയാണെന്നും അത് ശരിയായ പ്രവണതയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് വനിതാകോളേജിൽ സംഘടിപ്പിച്ച വിംഗ്സ് - 2023 വിമെൻ സേഫ്റ്റി എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീപക്ഷ നവകേരളം എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിതനയം. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കുറ്റകൃത്യങ്ങളെ ഗൗരവമായാണ് സർക്കാർ കാണുന്നത്. കുറ്റവാളിക്കെതിരെ പരാതിപ്പെടാൻ വിമുഖത കാണിച്ചാൽ അതവർക്ക് ഊർജ്ജമാകും. കുറ്റവാളി എത്ര ഉന്നതനായാലും നിയമത്തിനു മുമ്പിൽ കൊണ്ടുവരും.

സ്ത്രീകൾക്ക് തുല്യഅവസരം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്.ഇതിനായി നിരവധി പദ്ധതികൾ കൊണ്ടുവന്നു. പ്രശ്നങ്ങളുണ്ടാകുമ്പോൾ ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ പലരും തയ്യാറാകാത്തത് സ്ത്രീ സുരക്ഷ സംബന്ധിച്ച് അവബോധമില്ലാത്തതിനാലാണ്. എന്നാൽ, അത് വളരെ ഗൗരവപൂർവമായ സംഗതിയാണെന്നും ഈ സ്ഥിതി തുടരാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മേയർ ആര്യാരാജേന്ദ്രൻ അദ്ധ്യക്ഷയായി. ഡി.ജി.പി അനിൽകാന്ത്,​ എ.ഡി.ജി.പിമാരായ കെ.പദ്മകുമാർ,​ ഷേക്ക് ദർവേസ് സാഹിബ്,​ എം.ആർ.അജിത് കുമാർ, ജനമൈത്രി സുരക്ഷാ പ്രോജക്ട് സ്റ്റേറ്റ് നോഡൽ ഓഫീസർ ആർ.നിശാന്തിനി തുടങ്ങിയവർ പങ്കെടുത്തു.