രാഹുലിന്റെ പരാമർശത്തിന് ശിക്ഷ; എന്നാൽ മോദി തന്നെ അധിക്ഷേപിച്ചതിന് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് മുൻ കേന്ദ്രമന്ത്രി

Friday 24 March 2023 12:31 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ വെച്ച് തനിക്കെതിരെ നടത്തിയ പരാമർശത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി. മോദി എന്ന പേരിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് രണ്ട് വർഷം ശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു രേണുക ചൗധരിയുടെ പ്രതികരണം. അധികാര മോഹിയായ മോദി തന്നെ ശൂർപ്പണഖയെന്ന് പരിഹസിച്ചതായാണ് അവർ ട്വിറ്ററിലൂടെ അറിയിച്ചത്.

സംഭവത്തിന്റ വീഡിയോ അടക്കം പങ്കുവെച്ച് കൊണ്ടായിരുന്നു മോദിയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് രേണുക അറിയിച്ചത്. അങ്ങനെയെങ്കിൽ കോടതികൾ എത്ര വേഗത്തിൽ പ്രവർത്തിക്കുമെന്ന് നോക്കാമെന്നും രേണുക ചൗധരി ട്വിറ്ററിൽ കുറിച്ചു.

അതേസമയം മോദി എന്ന പേരിനെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് ഗുജറാത്തിലെ സൂറത്ത് കോടതിയാണ് രണ്ടുവർഷം തടവ് വിധിച്ചത്. 2019ൽ കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയുള്ള മാനനഷ്ടകേസിലെ വിധിയാണ് വ്യാഴാഴ്ച പുറത്തുവന്നത്. 'എന്തുകൊണ്ടാണ് എല്ലാ കള്ളന്മാർക്കും മോദിയെന്ന കുടുംബപ്പേര്' എന്ന് പറഞ്ഞതാണ് വിവാദമായത്. വിധി പറഞ്ഞതിന് പിന്നാലെ രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. അപ്പീൽ നൽകാൻ ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേയ്ക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.