3 ഡി പ്രിന്റഡ് റോക്കറ്റ്, വിക്ഷേപണം വിജയം, പരാജയം; റോക്കറ്റ് കുതിച്ചുയർന്നെങ്കിലും ഭ്രമണപഥത്തിലെത്തിയില്ല
ഫ്ളോറിഡ: ലോകത്തെ ആദ്യത്തെ 3 ഡി പ്രിന്റഡ് റോക്കറ്റ് ടെറാൻ-1ന്റെ വിക്ഷേപണം വിജയിച്ചെങ്കിലും ഭ്രമണപഥത്തിൽ എത്താനായില്ല. രണ്ടാം ഘട്ടത്തിൽ വന്ന തകരാറാണ് കാരണം. മൂന്നാമത്തെ ശ്രമത്തിലാണ് വിക്ഷേപണം സാദ്ധ്യമായത്. റോക്കറ്റിന്റെ ഘടകങ്ങൾ മുഴുവൻ നിർമ്മിച്ചത് മാക്സ്-ക്യു എന്ന വമ്പൻ 3 ഡി പ്രിന്ററിലായിരുന്നു. റിലേറ്റിവിറ്റി എന്ന കമ്പനിയാണ് ലോകത്താദ്യമായി ഇത്തരം പരീക്ഷണത്തിനൊരുങ്ങിയത്. 85 ശതമാനം വിജയമായിരുന്നു വിക്ഷേപണമെന്ന് കമ്പനി വക്താക്കൾ പറഞ്ഞു.
ഈ രംഗത്ത് മുന്നോട്ടു പോകാനുള്ള കരുത്താണ് വിക്ഷേപണ വിജയമെന്നും അവർ പറഞ്ഞു. നിരവധി ചരിത്രനിമിഷങ്ങളാണ് വിക്ഷേപണത്തിലൂടെ കുറിക്കാൻ കഴിഞ്ഞത്. റോക്കറ്റിനറെ ആദ്യഘട്ടം പൂർണ്ണമായി ജ്വലിക്കുകയും രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ ആദ്യഘട്ടം വിഘടിക്കാതിരുന്നതുമാണ് യഥാർത്ഥ പ്രശ്നം. വരുംദിവസങ്ങളിൽ ഫ്ളൈറ്റ് ഡേറ്റ പരിശോധിക്കുകയും പൊതുവായ ചർച്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് കമ്പനി സാമൂഹികമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ പറയുന്നു.
യാതൊരു മുൻപരിചയവുമില്ലാതെയാണ് ഇൗ രംഗത്തേക്ക് കടന്നുവന്നത്. ഇൗ വിജയം അടുത്ത റോക്കറ്റ് ഉണ്ടാക്കുന്നതിന് പ്രചോദനമാകും. ടെറാൻ-ആർ എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. മാക്സ്-ക്യു എന്ന വലിയ 3-ഡി പ്രിന്ററിലാണ് റോക്കറ്റിന്റെ ഭാഗങ്ങൾ നിർമ്മിച്ചത്. നിർമ്മാണരംഗത്ത് പുതിയൊരു കാൽവയ്പാണിതെന്നും റിലേറ്റീവിറ്റി സ്േപസ് ട്വീറ്റിൽ പറഞ്ഞു.